
തിരുവനന്തപുരം: ത മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമായി ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ആനത്തലവട്ടം. ഇന്ന് വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആശുപത്രിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അർപ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. അതിന് ശേഷം മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുക്കും.
1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്‍കൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) ഭാരവാഹിയാണ് ആനന്ദൻ.
:
സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.
Last Updated Oct 5, 2023, 8:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]