ചില രാജ്യങ്ങളിൽ നഗ്നരായി സന്ദർശിക്കാൻ സാധിക്കുന്ന ബീച്ചുകളും മറ്റും ഉള്ളതായി നാം കേട്ടുകാണും. അതുപോലെ സാൻ ജസീന്തോ താഴ്വരയിലുള്ള ഒലിവ് ഡെൽ റാഞ്ച് പതിറ്റാണ്ടുകളായി തെക്കൻ കാലിഫോർണിയയിലെ ഏറ്റവും സൗഹൃദപരമായ നഗ്നതാ റിസോർട്ടുകളിലൊന്നായി അറിയപ്പെടുന്ന റിസോർട്ടാണ്.
നഗ്നരായി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പലരുടേയും ഇഷ്ടപ്പെട്ട ഇടങ്ങളിൽ ഒന്നായിരുന്നു ഇത്.
എന്നാൽ, അവിടുത്തെ താമസക്കാർ ഇപ്പോൾ റിസോർട്ടിന്റെ പുതിയ ഉടമകൾക്കെതിരെ കേസുമായി മുന്നോട്ട് വന്നിരിക്കയാണ്. 1952 ലാണ് ഈ റിസോർട്ട് സ്ഥാപിച്ചത്.
136 ഏക്കർ വിസ്തൃതിയുള്ള റിസോർട്ട് താങ്ങാനാവുന്ന വാടക, ഹൈക്കിംഗിന് പറ്റിയ പാതകൾ, ആളുകൾ തമ്മിലുള്ള സൗഹൃദം എല്ലാംകൊണ്ടും അറിയപ്പെട്ടിരുന്ന ഒന്നാണ്. മുറികൾ കൂടാതെ പൂൾ, ക്ലബ് ഹൗസ്, ഷവറുകൾ, റെസ്റ്റോറന്റ് എന്നിവയെല്ലാം ഇവിടെയുണ്ട്.
ഇതിന് പ്രത്യേകം മെമ്പർഷിപ്പ് ഫീസും ഉണ്ടായിരുന്നു. കാലങ്ങളായി ഇവിടെ താമസിക്കുന്നവരും ഉണ്ട്.
എന്നാൽ, 2019 -ൽ പുതിയ ഉടമകൾ റിസോർട്ട് ഏറ്റെടുത്തതോടെ ഇവിടുത്തെ അന്തരീക്ഷം മാറി. പുതിയ ഉടമകൾ തുടക്കത്തിൽ ഒലിവ് ഡെല്ലിന് മാറ്റമൊന്നും കൂടാതെ സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും 2024 അവസാനത്തോടെ അവർ വലിയ ഒരു മാറ്റം തന്നെ ഇവിടെ കൊണ്ടുവന്നു.
അതുവരെ ഉണ്ടായിരുന്നതിന് നേരെ വിപരീതമായിരുന്നു അത്. എല്ലായ്പ്പോഴും വസ്ത്രങ്ങൾ ധരിക്കേണ്ടി വരും എന്നതായിരുന്നു അത്.
മാത്രമല്ല, വാടക കൂട്ടുക, അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളുണ്ടായതായും താമസക്കാർ ആരോപിക്കുന്നു. അതോടെ ദീർഘകാലമായി ഇവിടെ താമസിക്കുന്നവരിൽ പലരിലും വലിയ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കിയത്.
കുടിയൊഴിപ്പിക്കലിന്റെ രീതിയാണ് ഇത് എന്നും താമസക്കാർ അഭിപ്രായപ്പെട്ട് തുടങ്ങി. ഇപ്പോഴുള്ളതും മുൻ താമസക്കാരും എല്ലാം ചേർന്ന് 50 -ലധികം പേർ പുതിയ ഉടമകൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്.
താമസക്കാരുടെ അവകാശങ്ങൾ ലംഘിച്ചു, വയസായവരോട് മോശമായി പെരുമാറി, വാടക കൂട്ടി, സൗകര്യങ്ങളില്ലാതാക്കി തുടങ്ങി അനേകം കാര്യങ്ങളാണ് പരാതിയിൽ ഉള്ളത്. അറ്റകുറ്റപ്പണികളൊന്നും തന്നെ റിസോർട്ട് ഉടമകൾ ചെയ്യുന്നില്ലെന്നും ജീവിക്കാൻ സാധിക്കാത്ത സാഹചര്യം ഒരുക്കി തങ്ങളെ മനപ്പൂർവം ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്നും താമസക്കാർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]