
ദുബൈ: ഏറ്റവും ഉയരത്തിൽ ലോകത്തെ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ദുബൈ ഒരുങ്ങുന്നു. 131 നിലകളുള്ള ബുർജ് അസീസി എന്ന് പേരിട്ട കെട്ടിടം 2028ൽ പൂർത്തിയാക്കും. ദുബൈയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പ് നൽകാൻ പോന്നതാണ് പുതിയ നിർമ്മാണം. ബുർജ് ഖലീഫ ദുബൈയുടെ റിയൽ എസ്റ്റേറ്റിന് ലോകത്ത് നൽകിയ തലപ്പൊക്കം ചില്ലറയല്ല.
ഇപ്പൊ ദാ വരുന്നു ബുർജ് അൽ അസീസി. ഷെയ്ഖ് സായിദ് റോഡിനോട് ചേർന്ന് വേൾഡ് ട്രേഡ് സെന്ററിന് സമീപം ഏറ്റവും കണ്ണായ സ്ഥലത്താണ് കെട്ടിടം വരുന്നത്. ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞ കെട്ടിടം 2028ൽ പൂർത്തിയാകും. ബുർജ് ഖലീഫയ്ക്കൊപ്പം, എന്നാൽ ഒരു പടി താഴെയായി ബുർജ് അസീസി തലയയുയർത്തി നിൽക്കും. ആറ് ബില്യൺ ദിർഹമാണ് ചെലവ്, രൂപയിൽ 13,000 കോടി കടക്കും.
131 നിലകളുള്ള കെട്ടിടത്തിന് 725 മീറ്ററെങ്കിലും ഉയരമുണ്ടാകും. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക്, ഹോട്ടൽ മുറി, നൈറ്റ് ക്ലബ് ഉൾപ്പടെ ഒരുപിടി ലോക റെക്കോർഡുകൾ കെട്ടിടം സ്വന്തമാക്കും. അസീസി ഡെവലപ്മെന്റ്സ് ആണ് ദുബായിയുടെ റിയൽ എസ്റ്റേറ്റ് വിപണിക്ക് വലിയ കുതിപ്പാകുന്ന കെട്ടിടം നിർമ്മിക്കുന്നത്. ക്വാലാലംപൂരിലെ 679 മീറ്റർ ഉയരവും 118 നിലകളുമുള്ള മെർദേക, തലകുനിക്കും. അപ്പോഴും 828 മീറ്റർ ഉയരത്തിലുള്ള ബുർജ് ഖലീഫയ്ക്ക് ഒരുപടി താഴെ മാത്രമാണ് എത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]