തിരുവനന്തപുരം: രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവത്തോടെ കാണുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഫലപ്രദമായ ഇടപെടൽ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഓണക്കാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ വിലക്കയറ്റം കുറഞ്ഞതോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ജൂണിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പണപ്പെരുപ്പം 5 ശതമാനം വർധിച്ചു. വിലക്കയറ്റം 9.4 ശതമാനമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 8 ശതമാനത്തിന് മുകളിലാണ്. പച്ചക്കറി വിലക്കയറ്റം 30 ശതമാനത്തിനടുത്തെത്തി. നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്. ഈ നടപടി കർഷകർക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭിക്കുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുന്നതിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മാത്രമാണ് ഒഴിവാക്കിയത്. മറ്റു പരിപാടികൾക്കൊന്നും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ പുനർനിർമാണത്തിലേക്ക് സർക്കാർ കടക്കുകയാണ്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതിൽ ലഭിക്കുന്നുണ്ട്. വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് മുഴുവൻ താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികൾ കൃത്യമായി നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേർക്കും 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകുന്നുണ്ട്. സപ്ലൈകോയുടെ പ്രവർത്തനം സർക്കാരിന്റെ പ്രവർത്തനമായി ജനം വിലയിരുത്തുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സപ്ളൈക്കോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനവുണ്ടായതായി അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെ ആറു കോടി രൂപയുടെ വിൽപന നടന്നിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നുവെന്നതിന്റെ തെളിവാണിത്. 45 ശതമാനം വരെ വിലക്കുറവിലാണ് ചില ഉത്പന്നങ്ങൾ നൽകുന്നത്. വെള്ള, നീല റേഷൻ കാർഡുകാർക്കും ഓണത്തിന് 10 കിലോ വീതം അരി നൽകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന നിർവഹിച്ചു. ഓണം ഫെയറിലൂടെ ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഓണക്കാലത്ത് നൽകുന്ന 5 കിലോ അരിയുടെ വിതരണം അടുത്ത ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണിരാജു എംഎൽ. എ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, സപ്ളൈകോ സി. എം. ഡി പി. ബി നൂഹ് തുടങ്ങിയവർ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]