ഞാൻ ചോരയാണ് ഛർദിക്കുന്നത്; മകൻ വിളിച്ചിട്ടും ആ വൈദ്യൻ ഫോൺ എടുത്തില്ല; ഒടുവിൽ: കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ പറ്റിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ സലിം കുമാർ
സ്വന്തം ലേഖകൻ
കൊച്ചി: കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ പറ്റിച്ച അനുഭവം തുറന്നു പറഞ്ഞ് നടൻ സലിം കുമാർ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് അടുത്ത ചികിത്സാമാർഗം എന്നറിഞ്ഞ തന്നെ വൈദ്യന്മാരുടെ അടുത്ത് ഒരു സുഹൃത്താണ് കൊണ്ടുപോയതെന്ന് സലിം കുമാർ പറയുന്നു. ബാലയും താനുമുള്‍പ്പെടെ പലരും മരണം തൊട്ടുമുന്നില്‍ക്കാണുന്ന സമയത്താണ് ആശുപത്രിയില്‍ എത്തുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു. സ്വന്തം അനുഭവത്തിന്റെ കഥയാണ് തനിക്കുപറയാനുള്ളത്.
എവിടെയൊക്കെ പ്രസംഗിച്ചാലും ഇനി ഇതിനേക്കുറിച്ച് പറയുമെന്നും താൻ അനുഭവിച്ചതുപോലെ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും സലിംകുമാര്‍ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍മാറ്റശസ്ത്രക്രിയ ആരംഭിച്ചതിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞപ്പിത്തം സര്‍വസാധാരണമായി ആളുകള്‍ക്കുവരുന്ന അസുഖമാണ്. ഇത് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നാട്ടില്‍ പറയും ഇന്ന സ്ഥലത്ത് ഒരു വൈദ്യനുണ്ട് അയാള്‍ തരുന്ന പൊടിമരുന്ന് കഴിച്ചാല്‍ രോഗം മാറുമെന്നൊക്കെ. വൈദ്യര് മരുന്ന് കൊടുത്താല്‍ മാറുന്ന മഞ്ഞപ്പിത്തം ഒന്നുംകഴിച്ചില്ലെങ്കിലുംമാറും. പാവപ്പെട്ട ജനങ്ങള്‍ അതു മനസ്സിലാക്കുന്നില്ല.
എനിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ സെര്‍ച്ച് ചെയ്തുനോക്കിയിരുന്നു, കരള്‍മാറ്റ ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്നറിഞ്ഞു. എന്നാല്‍ മറ്റെന്തെങ്കിലും മരുന്നുണ്ടോ എന്നുചിന്തിച്ചാണ് എറണാകുളത്തുള്ള ഒരു ഡി.വൈ.എസ്.പി. പറഞ്ഞതുകേട്ട് ഒറ്റപ്പാലത്തെ ഒരു വൈദ്യനെ കാണാൻ പോകുന്നത്. കാൻസര്‍ വരെ മാറ്റുന്ന വൈദ്യരാണ് എന്നും കേട്ടു. അദ്ദേഹം എന്റെ നന്മകരുതി പറഞ്ഞതാണ്.
അവിടെ ചെന്നപ്പോള്‍ 51 ദിവസത്തിനുള്ളില്‍ ലിവര്‍ സിറോസിസ് മാറ്റിത്തരുമെന്ന്. നിലംപരണ്ട എന്നൊരു മരുന്ന് 51 ദിവസം കഞ്ഞിയിലിട്ടു കുടിക്കാൻ പറഞ്ഞു. പക്ഷേ 501 ദിവസം കഴിച്ചിട്ടും മാറുന്നില്ല. ഒരുദിവസം വൈദ്യനെ വിളിച്ചപ്പോള്‍ അദ്ദേഹം വെല്ലൂര്‍ കാൻസര്‍ സെന്ററിലാണ് എന്നു പറഞ്ഞു. ഇതേ പോലീസുദ്യോഗസ്ഥൻ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു വൈദ്യനെക്കുറിച്ചു പറയുന്നത്. ഓപ്പറേഷൻ ചെയ്യാനുള്ള പേടിയും ജീവിക്കാനുള്ള മോഹവും കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.
അവിടെ ചെന്നപ്പോള്‍ വൈദ്യനൊപ്പം ഒരു ഫിസിഷ്യനും ഉണ്ടായിരുന്നു. അദ്ദേഹമാണ് മോഹനൻ വൈദ്യര്. ഇംഗ്ലീഷില്‍ ഈ രോഗത്തിന് മരുന്നില്ലെന്നും പറഞ്ഞു. തൊട്ടപ്പുറത്ത് ജൈവവളം കൊണ്ടു തയ്യാറാക്കിയ നെല്ല്, ചേന ഒക്കെയുണ്ട്. ഇതേ കഴിക്കാൻ പാടൂ എന്നുപറയുന്നതുകൊണ്ട് അതും വാങ്ങണം. എനിക്ക് നെല്ലുണ്ട്, എന്നുപറഞ്ഞാലും ഇതുവാങ്ങൂ എന്നു പറയും.
പശു കഴിക്കുന്ന ഒരു പുല്ലാണ് തന്നത്. അത് കഴിക്കാനും പറ്റുന്നില്ലായിരുന്നു. കഴിക്കുമ്ബോഴേക്കും രക്തം വരികയാണ്. മകനോട് വൈദ്യരെ വിളിക്കാൻ പറഞ്ഞപ്പോള്‍, അകത്തുള്ള കുറച്ചുരക്തം പുറത്തുകളയാനുള്ള മരുന്നാണത് എന്നു പറഞ്ഞു. വീണ്ടും വിളിക്കാൻ മകനോട് പറഞ്ഞപ്പോള്‍, അയാള്‍ ഫോണെടുക്കുന്നില്ല. അയാളെ വിശ്വസിച്ചു പോയതാണ്. മൂന്നുനാലു പ്രാവശ്യം വിളിച്ചപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്.
ഇതും ഡി.വൈ.എസ്.പി.യോട് പറഞ്ഞു. അപ്പോള്‍ മലയാറ്റൂരിലുള്ള മറ്റൊരു വൈദ്യനെക്കുറിച്ചു പറഞ്ഞു. ചെന്നപ്പോള്‍ 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെയാക്കി തരുന്ന മരുന്നാണ്. രാവിലെ തുടങ്ങി രാത്രിവരെ വറ്റിച്ചാണ് ഭാര്യ അതു തയ്യാറാക്കിയത്.
ഭര്‍ത്താവിന്റെ അസുഖംമാറാനുള്ള ലേഹ്യമാണല്ലോ എന്നോര്‍ത്താണ് അവര്‍ ചെയ്യുന്നത്. അതു കഴിച്ചുതുടങ്ങിയതും ഛര്‍ദി തുടങ്ങി. ഇത് വൈദ്യനോട് പറഞ്ഞപ്പോള്‍ ശരീരം റിജക്റ്റ് ചെയ്യുന്നതാണെന്നും ശരീരം പൊള്ളുമ്ബോള്‍ ഉപയോഗിച്ചോളൂ എന്നുമാണ് പറഞ്ഞത്. ഇതുപോലത്തെ അനുഭവമുള്ള നിരവധി പേരുണ്ട്.
വയനാട് ഒരു വൈദ്യര് എന്നെ ചികിത്സിച്ചെന്നും പറഞ്ഞുനടക്കുന്നുണ്ട്. ഞാൻ അയാളെ കണ്ടിട്ടുപോലുമില്ല. എവിടെ ചെന്നാലും അവിടുത്തെ വൈദ്യന്മാര് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടും. മലയാറ്റൂര്‍ ചെന്നപ്പോള്‍ വണ്ണം അഞ്ചുകിലോ കൂടിയിട്ടുണ്ട്. മരുന്ന് ഫലിക്കുന്നതാണ് എന്നാണ് കക്ഷി പറഞ്ഞത്. വീട്ടില്‍ ചെന്നുനോക്കിയപ്പോള്‍ വണ്ണംകൂടിയിട്ടില്ല. ഇത്തരത്തില്‍ മനുഷ്യരെ പറ്റിക്കുന്നവരാണ്.
ബി.എ.എം.എസ്. പാസായവരെക്കുറിച്ചല്ല താൻ പറയുന്നതെന്നും മറിച്ച് പാരമ്ബര്യ വൈദ്യന്മാരെക്കുറിച്ചാണെന്നും സലിംകുമാര്‍ പറഞ്ഞു. വൃഷണത്തെ കിഡ്നിയെന്നു വരെ പറയുന്നവരുണ്ട്. ഇതൊന്നും അറിയാത്തവരില്‍ നിന്നാണ് ലിവര്‍ സിറോസിസിന് ചികിത്സയ്ക്കു പോകുന്നത്. ഇവരെല്ലാം എന്തിനും ചികിത്സിക്കും. ഇംഗ്ലീഷ് മരുന്ന് പേടിയായിട്ട് എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയെല്ലാം താൻ പോയിട്ടുണ്ടെന്നും മറ്റൊരാള്‍ക്കും തന്റെ അനുഭവം ഉണ്ടാകാതിരിക്കാനാണ് തുറന്നുപറയുന്നതെന്നും സലിംകുമാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]