വാഗമൺ : വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഗ്ലാസ് ബ്രിഡ്ജും, സാഹസിക വിനോദ പാർക്കും പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണ് ഇത്. വൈകീട്ട് അഞ്ചിന് വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും.
സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾവരെ കാണാൻ സാധിക്കും. ആകാശ ഊഞ്ഞാൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിൽ ഒരുക്കിയിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]