ചൈനയിലെ ഒരു സ്കൂള്‍ ചുമത്തിയ പുതിയ സ്കൂള്‍ ഫീസിനെ ചൊല്ലി ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പൊരിഞ്ഞ വാഗ്വാദം. ചൈനയിലെ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളെ സ്കൂളില്‍ ഉറങ്ങാൻ അനുവദിക്കുന്നതിന് ‘ഉറക്ക ഫീസ്’ ആവശ്യപ്പെടാന്‍ തയ്യാറെടുക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. വാര്‍ത്ത പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. തെക്ക് – കിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ജിഷെങ് പ്രൈമറി സ്കൂൾ, വരുന്ന അധ്യയന വർഷത്തിലാണ് കുട്ടികളുടെ മേൽ ഉറക്ക ഫീസ് ചുമത്താൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഫീസ് ‘ഒരു നിയന്ത്രണ’മല്ലെന്നാണ് പ്രാദേശിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. കാരണം, സ്വകാര്യ സ്കൂളുകൾക്ക് ഫീസില്‍ മാറ്റം വരുത്താൻ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജിഷെംഗ് പ്രൈമറി സ്കൂളിന്റെ ‘ഉറക്ക ഫീസ് നോട്ടീസ്’ സംബന്ധിച്ച നോട്ടീസിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി. ഉച്ചയ്ക്ക് സ്കൂളിൽ വച്ച് ഉറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ മേൽനോട്ടത്തിൽ തന്നെ അത് ചെയ്യാമെന്നും നോട്ടീസില്‍ പറയുന്നു. ഫീസ് നിശ്ചയിക്കുന്നത് ഉറങ്ങാന്‍ ആവശ്യമായ സുഖസൗകര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. അതായത് ഉറങ്ങാനുള്ള സൗകര്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഫീസും കൂടുമെന്ന് അര്‍ത്ഥം. ഇരിക്കുന്ന കസേരയ്ക്ക് മുന്നിലെ മേശപ്പുറത്ത് തല താഴ്ത്തി ഉറങ്ങാൻ 2,300 രൂപ (200 യുവാൻ) ആണ്. ക്ലാസ് മുറിയില്‍ പായ വിരിച്ച് കിടക്കാൻ ആഗ്രഹിക്കുന്ന കുട്ടി 4,500 രൂപ (360 യുവാൻ) നല്‍കണം. ഇനി സ്കൂളിലെ സ്വകാര്യ മുറിയിലെ കിടക്കയില്‍ കിടന്ന് ഉറങ്ങാനാണ് ആഗ്രഹമെങ്കില്‍ 7,800 രൂപ (680 യുവാൻ) മാതാപിതാക്കള്‍ സ്കൂളിന് നല്‍കേണ്ടി വരും. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ക്ക് വേണമെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും സ്കൂളിന്റെ അറിയിപ്പില്‍ പറയുന്നു.
വിദ്യാർത്ഥികൾ ഉറങ്ങുമ്പോൾ അവരെ നിരീക്ഷിക്കാനും അവരെ പരിപാലിക്കാനും അധ്യാപകർ സമീപത്ത് കരുതലോടെ ഉണ്ടാകണം എന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഫീസ് നിശ്ചയിച്ചതെന്നും ഇത് ന്യായമാണെന്നും ഡോംഗുവാൻ സിറ്റി ഡെവലപ്മെന്റ് ആൻഡ് റിഫോം ബ്യൂറോയുടെ ഒരു പ്രതിനിധി മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു. എന്നാല്‍, സാമൂഹിക മാധ്യമ ഉപയോക്തക്കള്‍ക്ക് പുതിയ ഫീസ് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളിനെതിരെ ശക്തമായ വിമര്‍ശനത്തിലാണ് അവര്‍. പണം ഉണ്ടാക്കുന്നതിനായി മാതാപിതാക്കളെ ഏത് രീതിയിലും പിഴിയാമെന്നാണ് സ്കൂളുകളുടെ വിചാരമെന്നും സ്കൂളിന്റെത് ‘ഭ്രാന്തന്’ ആശയമാണെന്നുമാണ് വിമര്‍ശനം. അടുത്തതായി വാഷ്റൂം ഉപയോഗിക്കുന്നതിന് സ്കൂൾ ഫീസ് ഈടാക്കുമോയെന്ന് ചിലര്‍ ചോദിക്കുന്നു. സ്കൂൾ നിയമാനുസൃതമായ സേവനമാണ് നൽകുന്നതെന്നും ഈ ഫീസ് ഈടാക്കുന്നത് ന്യായമാണെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]