കാസർകോട്- എൻഡോസൾഫാൻ ബാധിതരായ സ്വന്തമായി വീടില്ലാത്തവരെ സഹായിക്കുന്നതിനായി കാസർകോട് ജില്ലയിലെ എന്മകജെയിൽ നവീകരിച്ച ടൗൺഷിപ്പ് ഒരുക്കുന്നതിനായി സത്യസായി ഓർഫനേജ് ട്രസ്റ്റ് പദ്ധതികൾ ആസൂത്രണം ചെയ്തു. സർക്കാരിന്റെ പദ്ധതികൾക്കും തുകയ്ക്കും കാത്ത് നിൽക്കാതെ 24 ലക്ഷം രൂപ സ്വന്തമായി ചെലവ് ചെയ്താണ് എന്മകജെയിലെ ടൗൺഷിപ്പ് നവീകരിക്കാൻ ട്രസ്റ്റ് ഒരുങ്ങുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാർ സത്യസായി ഓർഫനേജ് ട്രസ്റ്റിന് കൈമാറിയ എന്മകജെയിലെ അഞ്ച് ഏക്കർ സ്ഥലത്ത് പണിതീരുന്ന 36 വീടുകൾ ആണ് ട്രസ്റ്റ്് നവീകരിക്കുക. 2016 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെറും 72 മണിക്കൂർ കൊണ്ടാണ് ജില്ലയിൽ മൂന്നിടങ്ങളിലായി 15 ഏക്കർ ഭൂമി ഇതിനായി ട്രസ്റ്റിന് കൈമാറിയത്. ഇരിയയിൽ 180 ദിവസം കൊണ്ട് എട്ട് കോടി ചെലവിൽ 45 വീടുകൾ പണിതാണ് ടൗൺഷിപ്പ് പ്രവർത്തനം തുടങ്ങിയത്. എന്മകജെയിൽ 36 വീടുകളുടെ പണി പൂർത്തീകരിച്ച് കോവിഡ് സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം താക്കോൽ കൈമാറിയെങ്കിലും ലിസ്റ്റിലുള്ള എൻഡോസൾഫാൻ ബാധിതർക്ക് ഇതുവരെയും നൽകുന്നതിന് കഴിഞ്ഞിരുന്നില്ല. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടന്നതിനാൽ കാടുമൂടി കിടക്കുന്ന പ്രദേശം മുഴുവൻ വൃത്തിയാക്കുകയും വാതിലുകളും ജനാലകളും നശിച്ചുപോയ വീടുകൾ പുതുക്കി പണിതും കുടിവെള്ളവും വൈദ്യുതിയും എത്തിച്ചും സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങിയുമാണ് ടൗൺഷിപ്പ് നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ, സംസ്ഥാന കോ ഓഡിനേറ്റർ അനന്തുകൃഷ്ണൻ, രക്ഷാധികാരി അഡ്വ. മധു എന്നിവർ ഇന്നലെ കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖറുമായി കൂടിക്കാഴ്ച നടത്തി. കലക്ടറുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് എൻജിനിയർ തയ്യാറാക്കിയ 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിലേക്ക് പോയി അനുമതിയായി വരുന്നതിന് കാലതാമസം വരുമെന്നതിനാലാണ് ഇത്രയും തുക ട്രസ്റ്റ് തന്നെ മുടക്കി വേഗത്തിൽ നവീകരണം പൂർത്തിയാക്കുന്നത്. ജലജീവൻ മിഷനെ ഉപയോഗപ്പെടുത്തി ഓരോ വീടുകൾക്കും കുടിവെള്ളം ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സർക്കാർ ട്രസ്റ്റിന് നൽകിയ ഭൂമിയിൽ കോടികണക്കിന് രൂപ ട്രസ്റ്റ് തന്നെ മുടക്കി അത് പാവപ്പെട്ട എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് മുൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പുതിയ കലക്ടർ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകൃഷ്ണൻ പറഞ്ഞു. ആദ്യ ടൗൺഷിപ്പ് പുല്ലൂർ പെരിയ പഞ്ചായത്തിലെ കാട്ടുമാടത്ത് പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. അതിൽ 23 വീട് മാത്രമാണ് നൽകിയത്. 22 വീടുകൾ നൽകാതിരുന്നതിന് അന്ന് കാരണം പറഞ്ഞത് വീടില്ലാത്ത ദുരിതബാധിതർ ആരും ഇല്ലെന്നായിരുന്നു. എന്മകജെയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. അന്നത്തെ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും ട്രസ്റ്റ് ഭാരവാഹി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]