
പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റില് ഗ്രൂപ്പ് എയിലെ മത്സരത്തില് നേപ്പാളിനെതിരെ മഴനിയമം പ്രകാരം 10 വിക്കറ്റിന്റെ തകര്പ്പന് ജയവുമായി ടീം ഇന്ത്യ സൂപ്പര് ഫോറില്. മഴ കാരണം 23 ഓവറില് പുതുക്കി നിശ്ചയിച്ച 145 റണ്സ് വിജയലക്ഷ്യം ഓപ്പണര്മാരായ രോഹിത് ശര്മ്മയും ശുഭ്മാന് ഗില്ലും 20.1 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ സ്വന്തമാക്കി. തോല്വിയോടെ നേപ്പാള് ടൂര്ണമെന്റില് നിന്ന് പുറത്തായി. ഗ്രൂപ്പ് എയില് നിന്ന് ഇന്ത്യക്ക് പുറമെ പാകിസ്ഥാനാണ് പ്ലേഓഫിലെത്തിയത്. ഇന്ത്യയും പാകിസ്ഥാനും സൂപ്പര് ഫോറിലെത്തിയതോടെ ഏഷ്യാ കപ്പില് മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി ഉറപ്പായി. സെപ്റ്റംബർ 10നാണ് ഈ മത്സരം.
പല്ലെക്കെലെ ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ ആസിഫ് ഷെയ്ഖ്(58), സോംപാല് കാമി(48), കുശാല് ഭുര്ടല്(38), ദീപേന്ദ്ര സിംഗ്(29), ഗുല്സാന് ഝാ(23) എന്നിവരാണ് മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത്. 48.2 ഓവറില് നേപ്പാള് 230 റണ്സില് പുറത്തായി. ക്യാപ്റ്റന് രോഹിത് പൗഡല്(5), ഭീം ഷാര്കി(7), കുശാല് മല്ല(2) എന്നീ ബാറ്റര്മാര്ക്ക് തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര് മൂന്ന് വീതവും മുഹമ്മദ് ഷമി, ഹാര്ദിക് പാണ്ഡ്യ, ശര്ദ്ദുല് താക്കൂര് എന്നിവര് ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യന് ഫീല്ഡര്മാരുടെ ചേര്ന്ന കൈകള് നേപ്പാളിനെ കൈമറന്ന് സഹായിച്ചു.
മറുപടി ബാറ്റിംഗില് ഇന്ത്യ 2.1 ഓവറില് 17-0 എന്ന സ്കോറില് നില്ക്കേ മഴയെത്തി. ശുഭ്മാന് ഗില് 12 ഉം രോഹിത് ശര്മ്മ 4 ഉം റണ്സുമായാണ് ഈസമയം ക്രീസിലുണ്ടായിരുന്നത്. മഴ മാറി മത്സരം പുനരാരംഭിക്കുമ്പോള് കളി 23 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ജയിക്കാന് മഴനിയമം പ്രകാരം ഇന്ത്യക്ക് 23 ഓവറില് 145 റണ്സ് വേണമെന്നായി. പുതുക്കി നിശ്ചയിച്ച കണക്ക് പ്രകാരം 125 പന്തില് 128 റണ്സ് കൂടിയാണ് ടീം ഇന്ത്യ നേടേണ്ടിയിരുന്നത്. രോഹിത്തും ഗില്ലും ചേര്ന്ന് 10 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ 64ലെത്തിച്ചു. രോഹിത് 39 പന്തിലും ഗില് 47 ബോളിലും പിന്നാലെ ഫിഫ്റ്റി തികച്ചു. 20.1 ഓവറില് മത്സരം ഇന്ത്യ ജയിക്കുമ്പോള് രോഹിത് ശർമ്മ 59 പന്തില് 74* ഉം, ശുഭ്മാന് ഗില് 62 പന്തില് 67* ഉം റണ്സുമായി പുറത്താവാത നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Sep 5, 2023, 10:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]