
ദില്ലി : ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരളത്തിനകത്തും പുറത്തും നിന്നുമുള്ളവരടക്കം 28 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായതിരുന്നത്.
ഇവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കുമെന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് 28 പേരടങ്ങുന്ന മലയാളി സംഘം യാത്ര തിരിച്ചത്.
കേരളത്തിൽ നിന്ന് 8 പേരാണ് സംഘത്തിനൊപ്പമുള്ളത്. എല്ലാവരും ബന്ധുക്കളാണ്.
അതിൽ നാരായണൻ നായരും ശ്രീദേവി പിള്ളയും കൊച്ചി തൃപ്പൂണിത്തുറയിൽ നിന്നുള്ളവരാണ്. 20 പേർ മുംബൈയിൽ നിന്നുള്ള മലയാളികളാണ്.
ഈ മാസം രണ്ടാം തീയതിയാണ് ദില്ലിയിൽ നിന്ന് സംഘം യാത്ര തിരിച്ചത്. ഹരിദ്വാറിലെത്തിയ ശേഷം ട്രാവൽ ഏജൻസി വഴിയായിരുന്നു യാത്ര ചെയ്തത്.
ഇന്നലെ രാവിലെ 8.30 മണിക്കാണ് നാരായണൻ നായരേയും ശ്രീദേവി പിള്ളയേയും ഫോണിൽ ബന്ധപ്പെടാനായത്. ഗംഗോത്രിയിലേക്ക് പോകുന്നുവെന്നാണ് ഇവർ പറഞ്ഞത്.
പിന്നീടാണ് അപകടം ഉണ്ടായത്. ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നെറ്റ്വർക്ക് പ്രശ്നങ്ങളായിരുന്നു.
അതോടെ ആശങ്കയായി. 28 പേരും സുരക്ഷിതരാണെന്ന് സേന അറിയിച്ചുവെന്നും അവരുടെ ബസ് ലൊക്കേറ്റ് ചെയ്തുവെന്നും പിന്നീട് ബന്ധുക്കൾക്ക് അറിയിപ്പ് കിട്ടി.
ഗംഗോത്രിക്ക് അടുത്തുള്ള സ്ഥലത്താണ് ഇവർ കുടുങ്ങി കിടക്കുന്നത്. റോഡുകളൊക്കെ തകർന്നു കിടക്കുന്നതിനാൽ എയർ ലിഫ്റ്റ് ചെയ്ത് സംഘത്തെ പുറത്തെത്തിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കേരളം ഉത്തരാഖണ്ഡിനൊപ്പം ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ശ്രദ്ധയില്പ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]