
കുവൈത്ത് സിറ്റി: എടിഎമ്മിലെ കാർഡ്ലെസ് പിൻവലിക്കൽ സംവിധാനം ചൂഷണം ചെയ്ത് കുവൈത്തിൽ പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്ത പ്രവാസി സംഘത്തെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തിൽ ജനറൽ ട്രേഡിംഗ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശി പൗരനായ എംഡി രാജു എംഡി പെന്റോമിയ എന്നയാളാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തി. ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റയുമായി പണം പിൻവലിച്ച വ്യക്തിയുടെ ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്താണ് ഇയാളെ തിരിച്ചറിഞ്ഞത്.
തുടർന്ന്, ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. രാജുവിന്റെ കൈവശം 5,000 കുവൈത്ത് ദിനാർ പണവും, നിരവധി സിം കാർഡുകളും വിവിധ ബാങ്ക് കാർഡുകളും, വിദേശത്തേക്ക് പണം കൈമാറാൻ തയ്യാറാക്കിയിരുന്ന മണി എക്സ്ചേഞ്ച് രസീതുകളും കണ്ടെത്തി.
തുടർ അന്വേഷണത്തിൽ, ഈ തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് പിന്നിൽ ഒരു അന്താരാഷ്ട്ര സംഘമുണ്ടെന്നതും വ്യക്തമായി. ഇതോടൊപ്പം റെഡിമെയ്ഡ് വസ്ത്ര കമ്പനിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനി പൗരന്മാരായ ദിൽഷാരിഫ് ഷെലെമി, മിർസ ജഹ മിർസ എന്നിവർ പ്രതിയുമായി സജീവമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നുവെന്നും സ്ഥിരീകരിച്ചു.
പാകിസ്ഥാനിലുള്ള അന്താരാഷ്ട്ര തട്ടിപ്പുസംഘവുമായി ഇവർക്കുള്ള ബന്ധം പൊലീസ് കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ വ്യാപകമായി പുരോഗമിക്കുകയാണ്. സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് പരിശോധന പോലെയുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുമെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]