
ഉത്തരാഖണ്ഡ് ∙ ധരാലിയിലെ
മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി.
4 മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് സൈനികരെ കാണാതായത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ ശബ്ദത്തോടെ പ്രളയജലവും മണ്ണും കുത്തിയൊഴുകിയത്. വിനോദസഞ്ചാരകേന്ദ്രമായതിനാൽ വീടുകൾക്കുപുറമേ ധാരാളം ഹോട്ടലുകളും ഹോംസ്റ്റേകളും പ്രദേശത്തുണ്ട്.
50 വീടുകളും 20 ഹോട്ടലുകളും പൂർണമായി തകർന്നു. ഗ്രാമത്തിന്റെ പകുതിയും തുടച്ചുനീക്കപ്പെട്ടു.
റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്. 37 പേരെ ഇൻഡോ–ടിബറ്റൻ ബോർഡ് പൊലീസ് രക്ഷപ്പെടുത്തി.
മലയുടെ മറുഭാഗത്തുള്ള സുക്ഖി ഗ്രാമത്തിലും വെള്ളപ്പാച്ചിലിൽ നാശനഷ്ടങ്ങളുണ്ട്.
രാത്രിയിലും കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിനു തടസ്സമാണ്. 5 ദേശീയപാതകളിലും 7 സംസ്ഥാനപാതകളിലും മറ്റ് 163 റോഡുകളിലും മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ടു.
തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @adgpi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]