
കൊച്ചി ∙ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച്
ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിയാലിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, വി.എം.ശ്യാംകുമാർ എന്നിവരുെട
ഉത്തരവ്. പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കുന്നത് അടക്കം വിവരാവകാശ നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും സമയപരിധി നീട്ടാനുള്ള ഒരു അപേക്ഷയും പരിഗണിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഡയറക്ടർ ബോർഡിന്റെ അനുമതിയില്ലാതെയാണ് ഹർജി നൽകിയതെന്ന് ചൂണ്ടിക്കാട്ടി സിയാലിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന വിവരാവകാശ കമ്മിഷൻ 2019 ജൂൺ 20ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിയാൽ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതാണ് ഇന്ന് ഡിവിഷൻ ബെഞ്ച് ശരിവച്ചിരിക്കുന്നത്.
കൊച്ചി ഇന്റർനാഷണൽ എയർപോര്‍ട്ട് സൊസൈറ്റി (കെഐഎഎസ്) യും പിന്നീട് സിയാലും ആകുന്നതിനു മുമ്പു തന്നെ കേരള സര്‍ക്കാരും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരും ‘കാര്യമായ ധനസഹായം’ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ സിയാൽ ‘പബ്ലിക് അതോറിറ്റി’ ആണെന്നും അതിനാൽ ആര്‍ടിഐ നിയമവ്യവസ്ഥകൾക്ക് വിധേയമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. സിയാൽ ഡയറക്ടർ ബോർഡിലെ 11 പേരിൽ ആറു പേർ എക്സ് ഒഫീഷ്യാ സർക്കാർ അംഗങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതുകൊണ്ടു തന്നെ സിയാലിന്റെ നടത്തിപ്പിൽ സർക്കാരിന് കൃത്യമായ പങ്കുണ്ടെന്നും കോടതി പറഞ്ഞു.
കേരള സർക്കാർ സിയാലിലെ നിക്ഷേപകരല്ലെന്നും ഓഹരി ഉടമകളെന്ന നിലയിൽ ലാഭവിഹിതം സ്വീകരിക്കുന്നവർ മാത്രമാണെന്ന വാദവും കോടതി തള്ളി. വിവിധ സമയങ്ങളിൽ സിയാൽ സർക്കാര്‍ ധനസഹായം സ്വീകരിച്ചിട്ടുള്ളതിന്റെ കാര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി.
കേരള സർക്കാരിനും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കുമായി 32.42 ശതമാനം ഓഹരിയുണ്ടെന്ന് 2018ൽ സിയാൽ സമ്മതിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ ഓഹരി മൂല്യം 125 കോടി രൂപ വരും.
കെഐഎഎസിൽ നിന്ന് സിയാലിലേക്ക് സ്വത്തുവകകളെല്ലാം മാറ്റം ചെയ്തതിനു പിന്നിൽ പ്രവർത്തിച്ചത് സർക്കാരും അനുബന്ധ ഘടകങ്ങളുമാണ്. 1990കളിൽ സിയാൽ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ധനകാര്യ സ്ഥാപനങ്ങൾ പിന്തുണയ്ക്കാൻ മടിക്കുകയും ചെയ്തപ്പോൾ കേരള സർക്കാരാണ് ഗ്യാരണ്ടി നിന്നതും 1995ൽ ഹഡ്കോയുടെ 140 കോടി രൂപ വായ്പ ഉൾപ്പെടെ ലഭിച്ചതും.
വിമാനത്താവത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് കേരള സർക്കാരാണെന്നും അന്നത്തെ മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കലക്ടറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തത് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സിയാൽ പബ്ലിക് അതോറിറ്റി അല്ലെന്ന വാദത്തെ കോടതി തള്ളിയതും ആർടിഐ നിയമത്തിന് കീഴില്‍ വരുമെന്നും വ്യക്തമാക്കിയത്.
സിയാൽ റിട്ട് ഹർജിയും റിട്ട് അപ്പീലും നൽകിയത് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടത്.
സിയാലിന്റെ ഓഹരി ഉടമകളിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചു വയ്ക്കുന്നതിനാണ് ഇത്.
കേസ് ഫയൽ ചെയ്യുന്നതിനു മുമ്പ് ചെയർമാനായ മുഖ്യമന്ത്രിയോടു പോലും ആലോചിച്ചിട്ടില്ല. ഇത്തരം രീതികൾ അഭികാമ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി, ബോർഡ് അംഗം കൂടിയായ ചീഫ് സെക്രട്ടറി ഉചിതമായ നടപടികൾ സ്വീകരിക്കാനും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.
എന്തു നടപടി സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറി 15 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കുകയും വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]