കൊച്ചി: നാലരലക്ഷം രൂപ വിലവരുന്ന ഡയമണ്ട് നെക്ലേസും കമ്മലും പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം കണ്ടുകിട്ടി. അധ്വാനത്തിന്റെയും പണത്തിന്റെയും വില അറിയുന്ന ഹരിതകർമ സേനാംഗങ്ങളായ രണ്ട് പേർ ഉടമക്ക് അത് തിരികെ കൊടുത്തു. എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ ജെസിയുടെയും റീനയുടെയും സത്യസന്ധതയ്ക്ക് ഡയമണ്ടിനേക്കാൾ പത്തിരട്ടിയാണ് തിളക്കം. രണ്ട് പേർക്കും ഓരോ സ്വർണ ലോക്കറ്റ് നൽകിയാണ് ആഭരണം തിരിച്ചുകിട്ടിയ ഉടമ സന്തോഷം പ്രകടിപ്പിച്ചത്. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് ഹരിത കർമസേനാംഗങ്ങളാണ് ജെസിയും റീനയും.
ഞങ്ങൾ എല്ലാ മാസവും 15ാം വാർഡിലെ എല്ലാ വീടുകളിലും യൂസർ ഫീ എടുക്കും. ആ വീട്ടിൽ ചെന്നപ്പോൾ കഴിഞ്ഞ മാസം അവർ തന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് 3 ചാക്ക് പ്ലാസ്റ്റിക്കും ആക്രിയും എല്ലാം കൂടി തന്നു. ഒരു ചാക്ക് തരംതിരിച്ച് കഴിഞ്ഞപ്പോളാണ് ഒരു ചാക്കും കൂടിയുണ്ടെന്ന് പറഞ്ഞ് ആ ചേച്ചി കൊണ്ടുവന്നത്. തരംതിരിക്കുന്നതിനിടെയാണ് ഡയമണ്ട് നെക്ലേസും കമ്മലും കിട്ടുന്നത്. അവരത് ഇട്ടുവെച്ച കവർ പ്ലാസ്റ്റിക്കിന്റെ കൂട്ടത്തിലേക്ക് പോയതാണ്. അവരത് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളത് അപ്പോത്തന്നെ ആ ചേച്ചിയെ വിളിച്ച് കൊടുത്തു. അവർക്ക് ഭയങ്കര സന്തോഷമായി. ഞങ്ങൾക്ക് ഒരു സമ്മാനം തരുന്നുണ്ടെന്ന് പറഞ്ഞു. സംഭവം വിശദീകരിച്ച് ജെസ്സി.
ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഇവരാരോടും പറഞ്ഞില്ല. വീട്ടുകാർ തന്നെയാണ് മെമ്പറിനെ വിളിച്ച് കാര്യം പറഞ്ഞത്. വീട്ടുകാർ സമ്മാനമായി നൽകിയ ലോക്കറ്റ് മെമ്പറാണ് ഇവർക്ക് സമ്മാനിച്ചത്. സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാത്ത പണം ഉപയോഗപ്പെടില്ലെന്ന് ജെസ്സിയും റീനയും ഒരേ സ്വരത്തിൽ പറയുന്നു. ഹരിത കർമസേനയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇരുവരും ഉപജീവനം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]