
ജക്കാർത്ത: കല്യാണമൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്.
സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച അസ്ഗിം ഇരിയാന്റോയെ, പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
ഇരിയാന്റോയുടെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മരിയ മാർപാംഗ് പറഞ്ഞു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന് മുൻപ് കോഴികൾ പറമ്പിൽ കയറിയതു സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]