
അധികാരം വൈസ് ചാൻസലറിനോ സിൻഡിക്കറ്റിനോ? യോഗത്തിൽ വിസി ഇറങ്ങിപ്പോയാൽ എന്തുചെയ്യും ?
വൈസ് ചാൻസലർ തന്നെ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് കേരള സർവകലാശാലാ റജിസ്ട്രാർ നിയമയുദ്ധം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ് ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സർവകലാശാലാ സിൻഡിക്കറ്റ്. താൽക്കാലിക വിസിയായ സിസാ തോമസിന്റെ എതിർപ്പ് മറികടന്നാണ് സിൻഡിക്കറ്റ് തീരുമാനം.
റഷ്യൻ പര്യടനം കഴിഞ്ഞ് ബുധനാഴ്ച വിസി ഡോ. മോഹൻ കുന്നുമ്മൽ സർവകലാശാലയിലേക്ക് തിരിച്ചെത്തും.
കോടതി കയറിയ കേസിൽ അധികാരം വൈസ് ചാൻസലർക്കോ സിൻഡിക്കറ്റിനോ? വൈസ് ചാൻസലറുടെ തീരുമാനം മറികടക്കാൻ സിൻഡിക്കറ്റിനാകുമോ?
ആരാണ് വൈസ് ചാൻസലർ ?
∙ ഇന്ത്യയിലെ സർവകലാശാലകളുടെ ചീഫ് എക്സിക്യൂട്ടീവാണ് വൈസ് ചാൻസലർമാർ.
∙ സിൻഡിക്കറ്റിന്റെ ചെയർപഴ്സനായ വൈസ് ചാൻസലറാണ് സർവകലാശാലയിലെ നിയമനങ്ങളുടെ തലവൻ
∙ സർവകലാശാലയുടെ ഭരണം, അക്കാദമിക കാര്യങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയുടെയെല്ലാം മേൽനോട്ടം വഹിക്കുക എന്നതാണ് വൈസ് ചാൻസലറുടെ പ്രധാന അധികാരം
∙ സർവകലാശാലയുടെ നയങ്ങൾ നടപ്പിലാക്കുക, അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ജീവനക്കാരെയും അധ്യാപകരെയും നിയമിക്കുക, ധനകാര്യപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയവയും വൈസ് ചാൻസലറുടെ അധികാര പരിധിയിൽ വരും.
∙ യുജിസിയിൽനിന്നും സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാ ഗ്രാന്റുകളും വിതരണം ചെയ്യുന്നതിനുള്ള അധികാരം വിസിക്ക്.
എന്താണ് സിൻഡിക്കറ്റിന്റെ അധികാരം ?
∙ സർവകലാശാലാ സിൻഡിക്കറ്റ് എന്നത് സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്ന സമിതിയാണ്.
∙ സർവകലാശാലയുടെ നയരൂപീകരണം, ഭരണം, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.
∙ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾ, ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലയും സിൻഡിക്കറ്റിനാണ്. വിവിധ സർവകലാശാലകൾക്ക് അവരുടേതായ സിൻഡിക്കറ്റ് ഘടനയും പ്രവർത്തന രീതികളും ഉണ്ട്. ചില സർവകലാശാലകളിൽ, സിൻഡിക്കറ്റ് എന്നത് ഒരു ഉപദേശക സമിതി മാത്രമാണ്.
എന്നാൽ കേരള സർവകലാശാലയെ സംബന്ധിച്ച് ഇത് നിർണായക തീരുമാനങ്ങൾ എടുക്കുന്ന ഒരു ഭരണപരമായ സമിതിയാണ്.
വൈസ് ചാൻസലർക്ക് മറിക്കടക്കാമോ സിൻഡിക്കറ്റിനെ ?
എല്ലാ സംവിധാനത്തിന്റെയും അപ്പോയ്മെന്റ് അതോറിറ്റി സിൻഡിക്കറ്റാണ്. സിൻഡിക്കറ്റിന്റെ അധികാരങ്ങൾ ചില അടിയന്തര ഘട്ടങ്ങളിൽ സർവകലാശാലാ നിയമത്തിലെ സെക്ഷൻ 10(13) വകുപ്പ് ഉപയോഗിച്ച് വൈസ് ചാൻസലർക്ക് ഏറ്റെടുക്കാം.
സിൻഡിക്കറ്റിന്റെയോ അക്കാദമിക് കൗൺസിലിന്റെയോ അഭാവത്തിൽ സിൻഡിക്കറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും അധികാരങ്ങൾ ഉപയോഗിച്ച് വിസിക്ക് നടപടിയെടുക്കാൻ കഴിയും. എന്നാൽ അടുത്ത സിൻഡിക്കറ്റിലോ അക്കാദമിക്ക് കൗൺസിലിലോ തീരുമാനം അറിയിക്കണം.
സാധാരണയായി, ഈ അധികാരം ഉപയോഗിച്ച് വിസിമാർ കടുത്ത നടപടി സ്വീകരിക്കാറില്ല.
സിൻഡിക്കറ്റ് യോഗങ്ങളുടെ 75 ശതമാനം അജൻഡകളും അടിയന്തര തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതാണ്. അറുപത് ദിവസത്തിലൊരിക്കൽ സിൻഡിക്കറ്റ് യോഗം ചേരണം. വൈസ് ചാൻസലർക്ക് മാത്രമായി സർവകലാശലയിൽ സ്വതന്ത്ര അധികാരങ്ങളില്ല.
റജിസ്ട്രാറുടെ നിയമന അധികാരം സിൻഡിക്കറ്റിനാണ്. സർവകലാശാലയുടെ അഭിപ്രായം ഏകപക്ഷീയമായി കോടതിയിൽ നൽകാൻ വൈസ് ചാൻസലർക്ക് കഴിയില്ല.
ഈ സാഹചര്യത്തിൽ അദ്ദേഹം സിൻഡിക്കറ്റ് വിളിച്ചുക്കൂട്ടിയാണ് തീരുമാനമെടുക്കേണ്ടത്.
വൈസ് ചാൻസലർ ഇറങ്ങിപ്പോയാൽ ?
വിഷയത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ സിൻഡിക്കറ്റ് യോഗത്തിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്താം എന്നല്ലാതെ വിസിക്ക് മറ്റ് അധികാരങ്ങളില്ല. ഞായറാഴ്ചത്തെ യോഗത്തിൽ സിൻഡിക്കറ്റ് തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി സിസാ തോമസ് ഇറങ്ങിപ്പോവുകയായിരുന്നു.
അത്തരം സാഹചര്യം വന്നാൽ സർവകലാശാല ചട്ടം അനുസരിച്ച് വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രൊ വൈസ് ചാൻസലർക്കോ അല്ലെങ്കിൽ സിൻഡിക്കറ്റ് നിശ്ചയിക്കുന്ന ഒരു സിൻഡിക്കറ്റ് അംഗത്തിനോ ആ അധ്യക്ഷ പദവിയിൽ ഇരുന്ന് സിൻഡിക്കറ്റ് മുന്നോട്ടു കൊണ്ടുപോകാം. ആ അധികാരം ഉപയോഗിച്ച് പ്രഫ.
രാധാമണിയാണ് സിൻഡിക്കറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]