
കൂടരഞ്ഞിയിൽ മരിച്ചത് ഇരിട്ടി സ്വദേശി? യുവാവിനെ തേടി നാലംഗ സംഘമെത്തി; ‘കഞ്ചാവ് ബാബു’വിനെ തിരഞ്ഞ് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്നു പറയുന്നയാൾ ഇരിട്ടി സ്വദേശിയെന്നു സൂചന. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ കൂടരഞ്ഞിയിൽ ജോലിക്കായി കൊണ്ടുവന്നതെന്നു കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിനു ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു. ‘രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാൽ പേരോ മറ്റു വിവരങ്ങളോ അറിയില്ല. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടിൽ വീണാണ് മരണം. ശ്വാസകോശത്തിൽ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിനു മാസങ്ങൾക്കു ശേഷം അയാളുടെ പിതാവ് കൂടരഞ്ഞിയിൽ വന്ന് അന്വേഷിച്ചു പോയിരുന്നു–’ ദേവസ്യ പറഞ്ഞു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ 2 ജില്ലകളിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പൊരുളുകൾ ചികയാൻ സിറ്റി പൊലീസ് കമ്മിഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ 1986ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങി.
മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സഹോദരൻ പൗലോസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ആ വഴിക്കും പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 2015ൽ കോഴിക്കോട് വിജയ ആശുപത്രിയിലും തൊട്ടടുത്ത വർഷം മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദലി ചികിത്സ തേടിയിരുന്നതായും വിവരം കിട്ടി. അതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കൂടരഞ്ഞിയിൽ മരിച്ച യുവാവിന്റെ ശ്വാസകോശത്തിൽ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണത്തിനു 3 ദിവസങ്ങൾക്കു േശഷം ഇരിട്ടിയിൽ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ വന്നിരുന്നതായി നാട്ടുകാർ ഓർക്കുന്നു. മരിച്ചത് മകനാണോ എന്ന സംശയം ഉയർത്തിയാണ് ഇരിട്ടിയിൽ നിന്ന് എത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പൊലീസ് ആരംഭിച്ചത്. അതേസമയം 1980ൽ കൂടരഞ്ഞിയിൽ കൂലിപ്പണിക്ക് വന്നിരുന്നതു മുഴുവൻ പാലക്കാട് ഭാഗത്തു നിന്നുള്ളവരാണെന്നു നാട്ടുകാർ പറയുന്നു.
വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് ശേഖരിക്കുന്നുണ്ട്. വെള്ളയിൽ കൊലപാതകത്തിനു മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന ‘കഞ്ചാവ് ബാബു’വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ക്രിമിനൽ കേസ് രേഖകളിൽ ഈ പേര് ഉണ്ടോ എന്നാണു പരിശോധിക്കുന്നത്.