
ദില്ലി : അഗ്നിവീർ വിവാദത്തിൽ രാഷ്ട്രീയ തർക്കം മുറുകുന്നു. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ലെന്നാവർത്തിച്ച് രാഹുൽഗാന്ധി. വെറും ഇൻഷുറൻസ് തുകയിൽ മാത്രം ധനസഹായം ഒതുക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിവീർ വിവാദത്തിൽ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് രാഹുൽ ഗാന്ധി. അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്കിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം നേരത്തെ കരസേന തള്ളിയിരുന്നു. 98 ലക്ഷം രൂപ നല്കിയെന്നും ബാക്കിയുള്ള 67 ലക്ഷം രൂപയ്ക്ക് പൊലീസ് ക്ളിയറൻസിനായി കാക്കുകയാണെന്നും സേന വിശദീകരിച്ചിരുന്നു.
എന്നാൽ ഇൻഷുറൻസും ധനസഹായവും ഒന്നല്ല എന്നാണ് അജയ് കുമാറിൻറെ അച്ഛൻറെ വിഡിയോ പങ്കു വച്ച് രാഹുൽ ചൂണ്ടിക്കാട്ടുന്നത്. 67 ലക്ഷം രൂപ നല്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ നടത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് വിശദീകരിച്ചതും കോൺഗ്രസ് ആയുധമാക്കുകയാണ്. വായുസേനയിൽ അടുത്തിടെ ഒരു അഗ്നിവീർ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യത്തിൽ സേനയ്ക്കുള്ളിൽ അന്വേഷണം തുടരുകയാണ്. അഗ്നിപഥ് പദ്ധതി തുടങ്ങിയ ശേഷം ആകെ ഇരുപത് അഗ്നിവീറുകളാണ് പല കാരണങ്ങൾ കൊണ്ട് മരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.
Last Updated Jul 6, 2024, 2:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]