
ദില്ലി: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു എന്ന് അഭിഭാഷകൻ അറിയിച്ചു. കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.
സംഭവത്തിൽ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകൻ എ.പി സിങ്ങ് പ്രതികരിച്ചു. സർക്കാരിന് പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ച്ചകൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. പൊലീസിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടത്തിപ്പുകാരായ ട്രസ്റ്റ് കയറ്റിയില്ലെന്നും ബാബയുടെ സുരക്ഷ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികളും സർക്കാർ തീരുമാനിക്കും. ഹാത്രസ് ദുരന്തത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും സഹായധനം നൽകുമെന്ന് മന്ത്രി സന്ദീപ് സിങ്ങ് അറിയച്ചതോടെ കുടുംബങ്ങൾക്ക് നാല് ലക്ഷം സഹായധനം ലഭിക്കും. സഹായധനം ഉയർത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
Last Updated Jul 5, 2024, 11:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]