തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അതിഥിത്തൊഴിലാളിയുടെ മകന് ഉന്നത പഠനത്തിനായി നേരിടേണ്ടി വന്ന സാങ്കേതിക തടസ്സങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നീങ്ങി. ബംഗാൾ സ്വദേശികളായ റോബർട്ട് പ്രധാനിന്റെയും റീത്ത പ്രധാനിന്റെയും മകനായ രോഹൻ പ്രധാനിനാണ് ഈ അർഹമായ അവസരം ലഭിച്ചത്.
പത്തനംതിട്ട റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 96 ശതമാനം മാർക്കോടെയാണ് രോഹൻ വിജയിച്ചത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.കോം കോഴ്സിന് പ്രവേശനം നേടണമെന്നതായിരുന്നു വിദ്യാർത്ഥിയുടെ ആഗ്രഹം. എന്നാൽ റേഷൻ കാർഡ് ഇല്ലാത്തത് ഡിഗ്രി പ്രവേശനത്തിന് വലിയ പ്രതിസന്ധിയായി മാറി.
തുടർന്ന്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലി, രോഹനെയും മാതാപിതാക്കളെയും സഹോദരി റെബികയെയും കൂട്ടി തിരുവനന്തപുരത്തെത്തി വ്യാഴാഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുകയായിരുന്നു.
അപേക്ഷാ ഫോം ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായെ മുഖ്യമന്ത്രി ബന്ധപ്പെട്ടതോടെ പ്രവേശന തടസ്സം പൂർണ്ണമായും നീങ്ങി.
റാന്നിയിൽ എത്തിയ ശേഷം കുടുംബത്തിന് റേഷൻ കാർഡ് ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോൺ ബിജിലി പനവേലി അറിയിച്ചു. അഞ്ചാം ക്ലാസ് മുതൽ റാന്നി എംഎസ് സ്കൂളിലാണ് രോഹൻ പഠിക്കുന്നത്.
1500 വിദ്യാർഥികളുള്ള സ്കൂളിലെ സ്കൗട്ട് അംഗവും ഫുട്ബോൾ താരവും മുൻ സ്കൂൾ ചെയർമാനുമായിരുന്നു രോഹൻ. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം കഴിയുന്ന രോഹനും സഹോദരി റെബികയ്ക്കും മലയാളം ഭാഷ കൈകാര്യം ചെയ്യാൻ നന്നായി അറിയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

