
ചില സിനിമകൾ കണ്ടിറങ്ങുമ്പോൾ അറിയാതെ ചുണ്ടുകളിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്, ആ ചിരിയിലുണ്ടാകും ആ സിനിമ പ്രേക്ഷകന്റെ ഉള്ളിലെത്തിയെന്ന്. ബുദ്ധികൊണ്ട് കാണേണ്ട ഒരു സിനിമയല്ല ,പകരം മനസ് കൊണ്ട് കാണേണ്ട സിനിമയാണ് അബിഷൻ ജീവന്ത് ഒരുക്കിയ ‘ടൂറിസ്റ്റ് ഫാമിലി’. ഫാമിലി ഡ്രാമ ജോണറിൽ എത്തിയ സിനിമ കണ്ടു തീരുമ്പോൾ ഇനി കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന പ്രത്യേക മാജിക്കുണ്ട് ഈ ചെറിയ സിനിമയ്ക്ക്. വലിയ താരനിരകൾ ഇല്ലാതെ, വലിയ ബജറ്റ് ഇല്ലാതെ എത്തിയ ടൂറിസ്റ്റ് ഫാമിലിയ്ക്ക് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ കാഴ്ചക്കാരെയുണ്ടാക്കാൻ സാധിച്ചു. ഹ്യുമറിന്റെ മെമ്പടിയോടെ ഒരുക്കിയ ചിത്രത്തിൽ കുറിക്കുകൊള്ളുന്ന രാഷ്ട്രീയവും സംവിധായകൻ പറഞ്ഞു വയ്ക്കുന്നുണ്ട്.
വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും യും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പിന്നീട് ഈ കുടുംബം ഫേക്ക് സർട്ടിഫിക്കേറ്റുകളോടെ ചെന്നൈയിൽ ജീവിച്ചു പോവുന്നു. സ്നേഹത്തിന് ഉപരിയായി ഒന്നുമില്ലെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് ഈ ചെറിയ സിനിമ. ചെറിയ പാളിച്ചകൾ സംഭവിച്ചാൽ ക്രിഞ്ചായി പോവേണ്ട സീനുകൾ തമാശകൾ ഉൾപ്പെടുത്തി സംവിധായകൻ മികച്ചതാക്കി.
ഹ്യൂമറിലൂടെ പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ മൂർച്ച കൂടുതലാണ്, ശ്രീലങ്കൻ വിലവർദ്ധനവ് അവിടെയുള്ള ജനതയെ ബാധിക്കുന്ന മുതൽ, തമിഴ് ജനതയെ അടിച്ചേൽപ്പിക്കുന്ന ഹിന്ദി അവർ എന്നും എതിർക്കുന്നുവെന്നും, ഇലക്ഷൻ സമയത്ത് ബോംബ് സ്ഫോടനങ്ങൾ ഭരണാധികാരികൾ ചെയ്തെന്ന് പറയുന്ന രാഷ്ട്രീയം വ്യക്തമായി സംവിധായകൻ യാതൊരുവിധ കൃത്യമത്വം ഇല്ലാതെ ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നു.
സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മൊമെന്റ്സ് തന്നെയാണ് സിനിമയെ പ്രേക്ഷകനോട് കൂടുതൽ കണക്ട് ചെയ്യുന്നത്. ഇമോഷണൽ സീനുകൾ പറഞ്ഞുവച്ച മീറ്ററിന് മുകളിൽ പോയോയെന്ന് പ്രേക്ഷകൻ ചിന്തിക്കുന്നിടത്താവും കിടിലം കൗണ്ടർ പ്ലേസ് ചെയ്തിരികുക. അവിടെ പ്രേക്ഷകനെ എല്ലാം മറന്നു ചിരിപ്പിക്കും.ശ്രീലങ്കൻ തമിഴിനോട് സിനിമ കഴിയുമ്പോൾ ഒരു ഇഷ്ടം തോന്നിപോകും. എല്ലാത്തിനുപരി മനുഷ്യത്വവും സ്നേഹവുമാണെന്നു സംവിധായകൻ പറയാതെ പറയുന്ന സീനുകൾ നിറഞ്ഞൊരു കുഞ്ഞു സിനിമയാണ് ടൂറിസ്റ്റ് ഫാമിലി.
സിനിമയിൽ വന്നു പോകുന്നവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു കൈയ്യടിനേടി. ഏജ് ഈസ് ജസ്റ്റ് നമ്പർ എന്ന് പ്രേക്ഷകനെ ഓർമ്മിക്കും വിധം സിമ്രാന്റെ ഡാൻസ് തിയേറ്റർ ഇളക്കി മറിച്ചു. മലയാളത്തിൽ നിന്ന് ആവേശത്തിലൂടെ ശ്രദ്ധേയനായ മിഥുന്റെ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി. ചെറിയ മകനായ എത്തിയ കമലേഷിന്റെതാണ് സിനിമ എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല, അത്ര മികച്ച പ്രകടനമായിരുന്നു. ശ്രീജ രവി അവതരിപ്പിച്ച കഥാപാത്രമായാലും യോഗി അവതരിപ്പിച്ച മാമൻ വേഷമായാലും ഗംഭീരമാക്കി. സിനിമയിൽ വന്നു പോകുന്ന എല്ലാവരും അവരുടെ ഭാഗം നന്നാക്കി, അത് തന്നെയാണ് സിനിമ പ്രേക്ഷകരുടെ മനസ്സ് നിറച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]