
ബംഗളുരു: ജോലി സ്ഥലത്തു നിന്ന് ഡെലിവറി ഏജന്റിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊന്നത് മുൻ കാമുകിയുടെ ബന്ധുവും അയാളുടെ സുഹൃത്തുക്കളുമാണെന്ന് കണ്ടെത്തി. പുലർച്ചെ 19കാരന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക അന്വേഷണമാണ് മണിക്കൂറുകൾക്കകം കേസിന്റെ ചുരുളഴിച്ചത്. ബംഗളുരു ദേവനഹള്ളിയിലെ പ്രശാന്ത് നഗർ സ്വദേശിയായ പ്രീതം ആർ ആണ് മരിച്ചത്.
ഒരു ഓൺലൈൻ ഗ്രോസറി കമ്പനിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു പ്രീതം. 22നും 25നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളാണ് കേസിൽ അറസ്റ്റിലായത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രീതം ഒരു ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിൽ പിന്നീട് പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി ഇയാളിൽ നിന്ന് അകലുകയും ചെയ്തു. എന്നാൽ പ്രീതം പിന്നീടും യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഇത് ശല്യമായി കണക്കാക്കിയ യുവതി തന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ബന്ധുക്കളാണ് യുവതിയുടെ കസിനായ ശ്രീകാന്ത് എന്നയാളോട് യുവാവ് ശല്യം ചെയ്യുന്നു എന്ന് പറഞ്ഞത്. ഇയാൾ പലതവണ യുവാവിനെ കണ്ട് ഭീഷണിപ്പെടുത്തിയെങ്കിലും പ്രീതം പെൺകുട്ടിയെ വീണ്ടും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രി 10.30ഓടെ ശ്രീകാന്തും സുഹൃത്തുക്കളും ഒരു വാഹനവുമായി യുവാവിന്റെ ജോലി സ്ഥലത്തെത്തി ഇയാളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. പല സ്ഥലങ്ങളിൽ കൊണ്ടുനിർത്തി ക്രൂരമായി മർദിച്ചു. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചായിരുന്നു മർദനം. മുഖത്ത് ഗുരുതരമായി മർദനമേറ്റു. ഇതിനിടെ യുവാവ് ബോധരഹിതനായപ്പോൾ സംഭവം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ് ദേവനഹള്ളിയിലെ ഒരു സ്കൂളിന് സമീപം യുവാവിനെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.
പുലർച്ചെ മൂന്ന് മണിക്ക് ജോലി കഴിഞ്ഞ് എത്തേണ്ട മകൻ നേരം പുലർന്നിട്ടും വരാത്തതിനെ തുടർന്ന് പ്രീതത്തിന്റെ അച്ഛൻ രാവിലെ ആറ് മണിയോടെ അന്വേഷിച്ച് ജോലി സ്ഥലത്തെത്തി. അപ്പോഴാണ് അഞ്ച് പേർ കാറിൽ കയറ്റി കൊണ്ടുപോയെന്ന വിവരം സഹപ്രവർത്തകരിൽ നിന്ന് ലഭിച്ചത്. മകനായി അന്വേഷണം തുടരുന്നതിനിടെ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിൽ നിന്ന് ലഭിച്ചു. രാവിലെ 7.15ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അതിന് ശേഷമാണ് യുവാവിന്റെ അച്ഛൻ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു. നേരത്തെയും ഈ സംഘം യുവാവിനെ മർദിച്ചതായി അച്ഛൻ പറയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ അഞ്ച് പ്രതികളും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്യുകയാണ്. ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ യുവാവിന്റെ മൃതദേഹത്തിൽ ക്രൂരമായ പരിക്കുകളുണ്ടായിരുന്നു എന്ന് പൊലീസുകാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]