
നന്തൻകോട് കൂട്ടക്കൊല, ആദിശേഖർ കൊലക്കേസ്, എ.രാജയുടെ തിരഞ്ഞെടുപ്പ് ഹർജി: വിധി ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഉൾപ്പെടെ 2 കേസുകളിലെ നിർണായക വിധിദിനം ഇന്ന്. രണ്ടും പരിഗണിക്കുന്നത് ഒരേ ജഡ്ജി. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ കൊലപ്പെടുത്തിയ കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിപ്പിച്ചു കൊന്ന പ്രിയരഞ്ജൻ എന്നിവർക്ക് എതിരെയുള്ള കേസുകളിലാണ് ആറാം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വിധി പറയുക. പ്രതികൾ കുറ്റക്കാരാണോയെന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക. ശിക്ഷ മറ്റന്നാൾ വിധിക്കാനാണു സാധ്യത.
നന്തൻകോട് കൂട്ടക്കൊല
2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ രാജ – ജീൻ ദമ്പതികളുടെ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.
ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായാണു കൊല നടത്തിയതെന്നും പ്രതിക്കു മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ, വീട് അഗ്നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. 92 സാക്ഷികളെ വിസ്തരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നു വാദിച്ച് പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യമുന്നയിക്കാനാണു പ്രോസിക്യൂഷന്റെ നീക്കം.
ആദിശേഖർ കൊലപാതകം
കാട്ടാക്കടയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രതി നടത്തിയ ക്രൂരതയാണ് ആദിശേഖറിന്റെ (15) മരണത്തിൽ കലാശിച്ചത്. 2023 ഓഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാൽ, സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി. പ്രിയരഞ്ജൻ കാറിലിരിക്കുന്നതും ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ കാറോടിച്ചുകയറ്റി കൊലപ്പെടുത്തുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ആദിശേഖറിനോടുണ്ടായിരുന്ന മുൻവൈരാഗ്യം തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി. സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്. 30 സാക്ഷികളെ വിസ്തരിച്ചു.
എ.രാജയുടെ തിരഞ്ഞെടുപ്പ് ഹർജി; വിധിക്ക് കാതോർത്ത് മൂന്നാർ
മൂന്നാർ∙ ഇടുക്കിയുടെ തോട്ടം മേഖല വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്തേക്ക് നീങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരം ഇന്ന് ലഭിക്കും. ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. രാജയെ അയോഗ്യനായി പ്രഖ്യാപിച്ചാൽ വീണ്ടും മൂന്നാർ തിരഞ്ഞെടുപ്പിലേക്കു നീങ്ങും. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. ഇതിനെതിരെ രാജ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ വിജയം തങ്ങളെ വിട്ടുപോകില്ലെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മുൻ എംഎൽഎ എസ്.രാജേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മിൽ നിന്ന് അകന്നു കഴിയുന്ന സാഹചര്യമാണ് നിലവിൽ.
മൂന്നാറിലെ സിപിഎം–സിപിഐ ഭിന്നതയും രൂക്ഷമായ സാഹചര്യം, മൂന്നാറിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതാണ് മുന്നണികൾക്ക്. മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജാ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്ന് സ്ഥാപിക്കുന്ന നിരവധി തെളിവുകളാണ് കുമാർ കോടതിയിൽ ഹാജരാക്കിയത്.