
കഴിഞ്ഞ മാസം ചൈനയിലെ ഗുചെങ്ങിലെ ഹുബെയ് പ്രവിശ്യയിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് പെട്ടി നിറയെ ‘കാശു’മായി ഒരു യുവതി കയറിച്ചെന്നു. എന്നാൽ, ആ പെട്ടിയിലുണ്ടായിരുന്നത് ഒറിജിനൽ നോട്ടുകളായിരുന്നില്ല, മറിച്ച് വ്യാജനായിരുന്നു. അത് തന്നെയാണ് യുവതി പെട്ടിയുമായി പൊലീസ് സ്റ്റേഷനിൽ പോകാൻ കാരണവും.
യുവതിക്ക് അവളുടെ കാമുകൻ നൽകിയതാണ് ഈ ’80 ലക്ഷം രൂപ’. എന്നാൽ, പണം ബാങ്കിലിടാൻ ചെന്നപ്പോഴാണ് പണി പാളിയത്. ഇത് ശരിക്കും നോട്ടുകളല്ല എന്ന് ബാങ്കിലുള്ളവർ യുവതിയോട് പറയുകയായിരുന്നു. പിന്നാലെ, യുവതി ആ നോട്ടും പെട്ടിയുമായി നേരെ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ കാമുകനെ ആരോ കള്ളനോട്ടുകൾ നൽകി പറ്റിച്ചു എന്നായിരുന്നു യുവതി വിശ്വസിച്ചത്. അങ്ങനെ തന്നെയാണ് അവൾ പൊലീസിനോട് പറഞ്ഞതും.
പൊലീസ് നോട്ടുകൾ പരിശോധിച്ചു. അതിലുണ്ടായിരുന്നത് കള്ളനോട്ടുകൾ പോലുമല്ലായിരുന്നു. ബാങ്കുദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ ഉപയോഗിക്കുന്ന കറൻസി പോലെയുള്ള കൂപ്പണുകളായിരുന്നു.
ഒടുവിൽ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് അയാൾ ആ സത്യം വെളിപ്പെടുത്തുന്നത്. താൻ യുവതിയുമായി പ്രണയത്തിലാണ്. അത് അവളുടെ വീട്ടുകാർക്കും അറിയാം. അവളുടെ വീട്ടുകാർ നിരന്തരം അയാളെ അവൾക്ക് വേണ്ടി ഒരു ഫ്ലാറ്റ് വാങ്ങാൻ നിർബന്ധിക്കുന്നുണ്ട്. എന്നാൽ, അതിനുള്ള പണം അപ്പോൾ അയാളുടെ കയ്യിൽ ഇല്ലായിരുന്നു. ഒടുവിൽ നിരന്തരമായ നിർബന്ധം താങ്ങാനാവാതെ വന്നപ്പോൾ അയാൾ ഓൺലൈനിൽ ഈ പേപ്പർ വാങ്ങി കാമുകിക്ക് സമ്മാനിക്കുകയായിരുന്നു.
എന്നാൽ, ഈ പേപ്പറുകൾ കള്ളനോട്ടിന്റെ വിഭാഗത്തിൽ പെടുന്നതല്ല. അതിനാൽ തന്നെ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പകരം അയാളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും മേലാൽ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് താക്കീത് നൽകി പറഞ്ഞു വിടുകയുമായിരുന്നു.
(ചിത്രം പ്രതീകാത്മകം)
Last Updated May 6, 2024, 2:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]