
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീയ്ക്ക് കാരണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നടപടി. പിടിയിലായവർ ബിഹാറിൽ നിന്നുള്ളവരാണ്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഗൈർസൈൻ മേഖലയിലുണ്ടായ കാട്ടുതീയെക്കുറിച്ച് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബ്രിജേഷ് കുമാർ, സൽമാൻ, ശുഖ്ലാൽ എന്നീ യുവാക്കൾ അറസ്റ്റിലായത്. തീ കത്തുന്ന കാടിന് മുന്നിൽ നിന്ന് ഇവർ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു. “തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല, ബിഹാറികൾ ഒരിക്കലും വെല്ലുവിളിക്കപ്പെടാറില്ല” എന്നിങ്ങനെയായിരുന്നു കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഇവർ പറഞ്ഞത്. 1927ലെ ഇന്ത്യൻ വന നിയമം 26-ാം വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളും ചേർത്താണ് മൂന്ന് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാടുകൾക്ക് തീയിടുകയോ കാടുകൾക്ക് തീപിടിക്കുന്നതിന് കാരണമാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് ചമോലി പൊലീസ് സൂപ്രണ്ട് സർവേഷ് പൻവാർ പറഞ്ഞു. ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അതെന്നും നിയമം ലംഘിക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 70 ശതമാനം വനമേഖലയുള്ള ഉത്തരാഖണ്ഡിലെ ഒൻപത് ജില്ലകളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിജിപി നേരത്തെ അറിയിച്ചിരുന്നു.
Last Updated May 5, 2024, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]