
സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹിറ്റ്ലറിനും മന്ത്രിമാർക്കും ജർമ്മനിയിലുടനീളം സ്വത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്, എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവർക്ക് അവയെല്ലാം നഷ്ടപ്പെട്ടുവത്രേ. എന്നാൽ, ഇപ്പോഴിതാ അഡോൾഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിൻ്റെ ഉടമസ്ഥതയിലുള്ള വില്ല വിൽക്കാൻ ഒരുങ്ങുകയാണ് ബെർലിൻ സർക്കാർ. ബെർലിനിലെ വടക്കൻ ഗ്രാമപ്രദേശത്താണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്, വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇത്.
ഡിപിഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബെർലിനിലെ സർക്കാർ ഫെഡറൽ അധികാരികൾക്കോ വില്ല യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്ന ബ്രാൻഡൻബർഗ് സംസ്ഥാനത്തിനോ അത് നൽകാനാണ് ശ്രമം നടത്തുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന വസ്തുവിൻ്റെ പരിപാലനത്തിനും സുരക്ഷിതത്വത്തിനുമായി തുടർന്നും പണം ചെലവഴിയ്ക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇപ്പോൾ ഇത്തരത്തിലൊരു ശ്രമം നടത്തുന്നത്. ഡിപിഎയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബെർലിൻ ധനകാര്യ മന്ത്രിയായ സ്റ്റെഫാൻ എവേഴ്സ് അഭിപ്രായപ്പെട്ടത് സൈറ്റ് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും, ബെർലിൻ സംസ്ഥാനത്ത് നിന്ന് ഒരു സമ്മാനമായി അത് ഏറ്റെടുക്കാം എന്നാണ്.
നിലവിൽ ജോസഫ് ഗീബൽസ് വില്ല സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ബെർലിൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഫെഡറൽ അധികാരികൾക്കോ ബ്രാൻഡൻബർഗ് സംസ്ഥാനത്തിനോ വില്ല വിൽക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത് നടക്കാതെ വന്നാൽ വില്ല പൊളിച്ചു നീക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ല.
വാൻഡ്ലിറ്റ്സ് പട്ടണത്തിനടുത്ത് ബോഗൻസീ തടാകത്തിൻ്റെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ഈ വില്ല 1939 -ൽ ആണ് ജോസഫ് ഗീബൽസ് നിർമ്മിച്ചത്. തടിയും മറ്റ് ആഡംബര നിർമ്മാണ വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഭാര്യയ്ക്കും ആറ് കുട്ടികൾക്കുമൊപ്പമാണ് ഇയാള് ഇവിടെ താമസിച്ചിരുന്നത്. യുദ്ധാനന്തരം, ഇത് ഒരു ആശുപത്രിയായി ഉപയോഗിക്കുകയും പിന്നീട് കിഴക്കൻ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം ഏറ്റെടുക്കുകയും ചെയ്തു. 1990 -ൽ ബെർലിൻ സർക്കാർ ഏറ്റെടുത്തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
Last Updated May 5, 2024, 3:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]