
ദോഹ: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച കർമപദ്ധതി പൂർണ വിജയം. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള അവധി ദിവസങ്ങളിലും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷ വേളകളിൽ ഏറ്റവും കൂടുതലായി കാണുന്ന നിയമലംഘനം ഗതാഗതം തടസ്സപ്പെടുത്തലാണ്. പ്രത്യേകിച്ച് വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപവും പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും ഇത് വ്യാപകമാവും.
ഈദ് ആഘോഷ വേളയിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ കമാൻഡ് സെന്ററും (എൻ.സി.സി) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സ്വീകരിച്ച മുൻകരുതൽ നടപടികൾ റോഡുകളിൽ ക്രമസമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് വലിയ പങ്കുവഹിച്ചു. ആഘോഷം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം മുൻകൂട്ടി പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിച്ചിരുന്നു. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുഴുവൻ സമയ പട്രോളിങ് ആണ് ഏർപ്പെടുത്തിയിരുന്നത്.
പെരുന്നാൾ പ്രാർഥന നടന്ന സ്ഥലങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പുവരുത്തി. പള്ളികൾ, മാളുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അധിക പട്രോളിങ് നടത്തി. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനും മെട്രോ, മെട്രോലിങ്ക് പോലുള്ള നൂതന പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത് അധികൃതർ പ്രോത്സാഹിപ്പിച്ചു. തീരപ്രദേശങ്ങളിൽ ജലകായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കായി മറൈൻ പട്രോളിംഗ് വിഭാഗത്തിന്റെ സേവനവും ഉറപ്പുവരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]