
രണ്ട് കാലം, പിൻഗാമികളായ സഖാക്കൾ; സീതാറാം യച്ചൂരിക്കു പകരക്കാരനായി ബേബി എത്തുമ്പോൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വർഷം 1984. ജനുവരി മാസത്തിൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് പദവിയിൽനിന്നു മാറുന്നു. കേരള ഘടകത്തിന്റെ പൂർണ പിന്തുണയോടെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് എത്താനായി തയാറായി നിന്നിരുന്നത് ഇന്നത്തെ സിഎംപി സംസ്ഥാന സെക്രട്ടറി . യച്ചൂരിയെ പ്രസിഡന്റാക്കണമെന്നായിരുന്നു ദേശീയ നേതാക്കളിൽ ചിലരുടെ താൽപര്യം. കേരള ഘടകത്തിന്റെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും യച്ചൂരിക്കായി ദേശീയ നേതാക്കൾ ഉറച്ചുനിന്നു. കേരള സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷനിൽ പങ്കെടുത്താണ് ബാസവ പുനയ്യ, പ്രസിഡന്റ് സ്ഥാനാർഥിയെന്ന് അറിയിക്കുന്നത്. അന്ന് ബേബിയുടെ പിൻഗാമി ആയിരുന്നു യച്ചൂരി എങ്കിൽ ഇന്ന് യച്ചൂരിയുടെ പിൻഗാമിയായി സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുകയാണ് എം.എ. ബേബി.
ബേബിയും യച്ചൂരിയും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്നത് അതിനും നാലു വർഷം മുന്നേയാണ്, 1980ൽ. കൊല്ലത്ത് പുനലൂരിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സീതാറാം യച്ചൂരി ആദ്യാവസാനം പങ്കെടുത്തിരുന്നു. സമ്മേളനം കഴിഞ്ഞ് ബേബിയുടെ ബന്ധുവീട്ടിൽ ഒരു ദിവസം കൂടി താമസിച്ചശേഷമാണ് യച്ചൂരി മടങ്ങിയത്. അന്നു രാത്രി അഷ്ടമുടിക്കായലിൽ പെട്രോമാക്സുമായി ഞണ്ടും കരിമീനും പിടിക്കാൻ ഇറങ്ങിയിട്ടുണ്ട് ബേബിയും യച്ചൂരിയും. നേരിട്ടു നടത്തിയ ആ മത്സ്യബന്ധനവും കറിയുടെ രുചിയും ആഗോള വിഷയങ്ങൾക്കിടയിലും പലപ്പോഴും ബേബിക്കും യച്ചൂരിക്കും ഇടയിൽ ഓർമകളുടെ കായലോളമായി എത്തിയിട്ടുണ്ട്.
ഡൽഹിയിലെ വിതൽഭായി പട്ടേൽ ഹൗസിൽ മലേറിയ ബാധിച്ചു കിടപ്പിലായിരുന്നു ബേബിയും ഭാര്യ ബെറ്റിയും. ബെറ്റിയുടെ അവസ്ഥ പെട്ടെന്നു ഗുരുതരമായി. എന്തുചെയ്യണമെന്നു സംഭ്രമിക്കുന്നതിനിടയിൽ ബെറ്റി ബേബിയോടു പറഞ്ഞത് ‘510ാം നമ്പർ മുറിയിൽ സീതാറാമുണ്ടെങ്കിൽ അറിയിക്കൂ…’ എന്നാണ്. സീതാറം അവിടെ വന്ന് ഇരുവരെയും കാറിൽ ആശുപത്രിയിലെത്തിച്ചു. ഇപ്പോഴെങ്കിലും കൊണ്ടുവന്നതു നന്നായി എന്നായിരുന്നു ബേബിയോട് ഡോക്ടർ പറഞ്ഞത്.
ബേബി എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റിനെ പോലെ പ്രവർത്തിച്ച ആളാണ് യച്ചൂരിയെന്നാണ് സി.പി. ജോൺ പറയുന്നത്. ഓഫിസും ഡൽഹിയും കേന്ദ്രീകരിച്ച് ബേബി പ്രവർത്തിച്ചപ്പോൾ പല സംസ്ഥാനങ്ങളിലും സംഘടന പ്രശ്നങ്ങളുമായി യാത്ര നടത്തിയത് യച്ചൂരി ആയിരുന്നുവെന്നും ജോൺ ഓർമിക്കുന്നു.
എൺപതുകളുടെ പകുതിയിൽ കൊൽക്കത്തയിൽ കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് ബേബിയും യച്ചൂരിയും കൂടി ട്രെയിനിൽ ഡൽഹിയിലേക്കു മടങ്ങി. കൊൽക്കത്തയിലെ സഖാക്കൾ കിണഞ്ഞു ശ്രമിച്ചിട്ടും ഡൽഹിക്ക് റിസർവേഷൻ ടിക്കറ്റ് കിട്ടിയില്ല. ഒടുവിൽ റിസർവേഷനില്ലാതെ സാഹസികമായി ജനറൽ കംപാർട്ട്മെന്റിൽ കയറിപ്പറ്റാൻ തീരുമാനിച്ചു. പക്ഷേ, മുകളിൽ യാത്രക്കാരുടെ ബാഗും ഭാണ്ഡങ്ങളും വയ്ക്കാനുള്ള ചെറിയ സംവിധാനമേയുള്ളൂ. കഷ്ടിച്ച് ഒന്നിരിക്കാൻ പറ്റുന്ന സ്ഥലം. സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ ഭക്ഷണം കഴിക്കാൻ ഇറങ്ങാനും നിവൃത്തിയില്ല. കാരണം കംപാർട്ട്മെന്റിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആരെങ്കിലും അവിടം കൈവശപ്പെടുത്തും. അങ്ങനെ ആ യാത്ര തുടർന്നു. പെട്ടെന്ന് ഒരു സ്റ്റേഷൻ എത്തിയപ്പോൾ ആളുകളെല്ലാം ബാഗുമെടുത്തു സ്ഥലം കാലിയാക്കുന്നതുകണ്ടു. മറ്റാരെങ്കിലും ആ സ്റ്റേഷനിൽനിന്ന് കയറി താഴത്തെ സീറ്റുകൾ കൈവശപ്പെടുത്തും മുൻപ് ഇരുവരും സ്വസ്ഥമായി അവിടെ ഇരിപ്പുറപ്പിച്ചു. എന്നാൽ അവിടെനിന്നു ഒറ്റയാളും കയറുന്നില്ലെന്നു കണ്ടപ്പോൾ പന്തികേടുതോന്നി കാര്യം അന്വേഷിച്ചു. ആ സ്റ്റേഷനിൽ വച്ച് വേർപെടുത്തുന്ന ബോഗിയായിരുന്നു അത്. ഉടൻതന്നെ ബേബിയും യച്ചൂരിയും ചാടിയിറങ്ങി തൊട്ടടുത്ത ജനറൽ കംപാർട്ട്മെന്റിൽ കടന്നുകൂടി. അപ്പോഴേക്കും ആ ബോഗി ഏറെക്കുറെ നിറഞ്ഞിരുന്നു. നിന്നുകൊണ്ടായിരുന്നു ഇരുവരുടെയും ബാക്കി യാത്ര. കൊൽക്കത്തയിൽനിന്നു കയറ്റിവിട്ട സഖാക്കൾ ആ ബോഗി പകുതിവച്ച് വേർപെട്ടു പോകുമെന്നു മനഃപൂർവം പറയാത്തതാണോ എന്ന സംശയം ബേബി പിന്നീട് പറഞ്ഞിട്ടുണ്ട്.
സിപിഎം സമ്മേളന തിരക്കിലേക്കു കടക്കുന്ന സമയത്താണ് ആ കഥയിലെ പാതിവഴിക്കു വേർപെട്ടുപോയ ബോഗി പോലെ സീതാറാം യച്ചൂരി അരങ്ങൊഴിഞ്ഞത്, സമ്മേളനം വരെ കാത്തുനിൽക്കാതെയുള്ള മടക്കം. ഒരുപക്ഷേ, പാർട്ടി ജനറൽ സെക്രട്ടറിയാകുമ്പോൾ തന്റെ പ്രിയ സഖാവിൽനിന്നു ചെങ്കൊടി ഏറ്റുവാങ്ങാൻ കഴിയാത്തതിന്റെ വിഷമമാകും എം.എ. ബേബിക്കും…