
17.7 കിലോ സ്വർണം കിണറ്റിൽ, നായ എത്താതിരിക്കാൻ മുളകുപൊടി, പക്ഷേ പിടിവീണു, മണിഹെയ്സ്റ്റ് പഠിപ്പിച്ച പാഠം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ കർണാടകയിലെ ദാവനഗരെ ന്യാമതി ശാഖയിൽനിന്ന് കവർച്ച ചെയ്ത 13 കോടി രൂപ വിലയുള്ള 17.7 കിലോ സ്വർണം കഴിഞ്ഞ ദിവസമാണു പൊലീസ് കണ്ടെടുത്തത്. ഒക്ടോബർ 26ന് നടന്ന കേസിൽ 5 മാസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടികൾ വിലയുള്ള സ്വർണം കവർച്ച ചെയ്യുന്ന കേസ് ദാവനഗരെ ജില്ലയിൽ തന്നെ അപൂർവമായിരുന്നു. പൊലീസിന്റെ ചിട്ടയായ അന്വേഷണമാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ചെയ്ത കേസിൽ വഴിത്തിരിവായത്.
കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി നേരിട്ടെത്തിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അനുമോദിച്ചത്. സ്വർണം കവർച്ച ചെയ്തു കിണറ്റിൽ സൂക്ഷിച്ച സംഘത്തിന്റേത് സിനിമാക്കഥപോലൊരു മോഷണമായിരുന്നു. എന്നാൽ ഈ കേസിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. കർണാടകയിൽ നടന്ന ഈ കേസിന്റെ അന്വേഷണ ചുമതല ഒരു മലയാളിക്കായിരുന്നു. കോട്ടയം കറുകച്ചാൽ സ്വദേശിയായ സാം വർഗീസിന്. കേരളത്തിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ സാമിന് തന്റെ കരിയറിലെ തന്നെ മികച്ച അനുഭവമായിരുന്നു ഈ മോഷണക്കേസ്. കരിയർ തുടങ്ങി ഒരു വർഷം തികയുന്നതിനു മുമ്പാണ് ഇത്രയും ചലഞ്ചിങ്ങായൊരു കേസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്വേഷണ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഈ കേസെന്നും മുന്നോട്ടുള്ള ജീവിതത്തിലും ഇത് വലിയ വഴിത്തിരിവാകുമെന്നു സാം വർഗീസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഒരു തെളിവും അവശേഷിപ്പിക്കാത്ത കൃത്യമായി ആസൂത്രണം
ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതികൾ മോഷണം നടത്തി കടന്നു കളഞ്ഞത്. മാസങ്ങൾ അന്വേഷിച്ചെങ്കിലും പ്രതികളെ പറ്റി ഒരു സൂചനയും ലഭിച്ചില്ല. എന്നാൽ കേസ് ഉപേക്ഷിക്കാൻ ഞങ്ങൾ തയാറായിരുന്നില്ല. എസ്പിയുടെ കൃത്യമായ സഹായത്തോടെ ഞങ്ങൾ കേസ് അന്വേഷിച്ചു. ഉത്തർപ്രദേശിലുള്ള ഒരു സംഘമായിരുന്നു മോഷണത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. സമീപകാലത്ത് ഇന്ത്യയിലെ പലയിടങ്ങളിലും ഈ ഗ്യാങ് മോഷണം നടത്തിയിരുന്നു. എസ്ബിഐയിലെ മോഷണവും അതുമായി സാമ്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് മനസ്സിലാക്കിയത്. കേസിൽ വിജയകുമാർ (30), അയാളുടെ അനിയൻ അജയകുമാർ (28), വിജയകുമാറിന്റെ അളിയൻ പരമാനന്ദ (30), സുഹൃത്തുക്കളായ അഭിഷേക (23), ചന്ദ്രു (23), മഞ്ജുനാഥ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിജയകുമാറാണ് കേസിലെ മുഖ്യപ്രതി. 2023ൽ വിജയ്കുമാർ 15 ലക്ഷം രൂപ വായ്പ തേടിയെങ്കിലും ക്രെഡിറ്റ് സ്കോർ കുറവായതിനാൽ ലഭിച്ചിരുന്നില്ല. പിന്നാലെ മറ്റൊരു ബന്ധുവിന്റെ പേരിലും വായ്പയ്ക്ക് അപേക്ഷിച്ചു. ഇതും നിഷേധിച്ചതോടെയാണ് തങ്ങൾക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ കൊള്ളയടിക്കാമെന്ന് പ്രതികൾ കരുതിയത്. എന്നാൽ ബാങ്ക് കവർച്ച ചെയ്യണമെന്ന് മാസങ്ങൾക്ക് മുമ്പ് പ്രതികൾ മനസ്സിൽ കരുതിയിരുന്നു. ബാങ്കിന് സമീപത്ത് ഒരു സ്വീറ്റ്സ് കട നടത്തുകയായിരുന്നു വിജയകുമാറും മറ്റു പ്രതികളും. കച്ചവടം വലുതാക്കാനും കൂടുതൽ പണമുണ്ടാക്കാനും ജീവിതം മെച്ചപ്പെട്ട രീതിയിലാക്കാനും ബാങ്ക് കവർച്ച നടത്തണം എന്ന് പ്രതികൾ കരുതി. അങ്ങനെയാണ് ബാങ്ക് കവർച്ചയിലേക്ക് എത്തുന്നത്.
കവർച്ചയ്ക്ക് സഹായിച്ചത് യൂട്യൂബ് വിഡിയോയും സിനിമയും
ബാങ്ക് ലോണടുക്കാനായി പല തവണ അവിടെ കയറിയിറങ്ങിയ വിജയകുമാർ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കി. ജീവനക്കാർ എത്തുന്ന സമയവും അവർ പോകുന്ന സമയവും കൂടുതൽ ആളുകൾ എത്തുന്ന സമയവുമെല്ലാം അയാൾ നിരീക്ഷിച്ചു. എങ്ങനെ കവർച്ച നടത്താമെന്നു യൂട്യൂബ് വിഡിയോകൾ കണ്ട് മനസ്സിലാക്കി. ഹൈഡ്രോളിക് സംവിധാനം തകർക്കാനെല്ലാം പ്രതികൾ പഠിച്ചത് യൂട്യൂബ് വിഡിയോയിൽ നിന്നാണ്. നെറ്റ്ഫ്ലിക്സ് സീരിസായ മണിഹെയ്സ്റ്റും തമിഴ്സിനിമയായ തീരനും കണ്ടാണു പ്രതികൾ മോഷണത്തെ പറ്റി കൂടുതൽ മനസ്സിലാക്കിയതെന്നു ചോദ്യം ചെയ്യലിൽ അവർ സമ്മതിച്ചു. നേരത്തേ നടന്ന പല ബാങ്ക് കവർച്ചകളുടെ വിഡിയോയും യൂട്യൂബിൽ കണ്ടു. അങ്ങനെയാണ് കൃത്യമായി കവർച്ച ആസൂത്രണം ചെയ്തത്. ഹൈഡ്രോളിക് കട്ടർ വാങ്ങുന്നതിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകൾ നശിപ്പിക്കുന്നതിലും ശ്രദ്ധിച്ചു
6–9 മാസത്തെ ആസൂത്രണമാണു പ്രതികൾ നടത്തിയത്. വിരലടയാളം മനസ്സിലാക്കിയോ സിസിടിവി ദൃശ്യങ്ങളിലോ തങ്ങളെ മനസ്സിലാവാതാരിക്കാൻ പ്രതികൾ കൃത്യമായി ശ്രദ്ധിച്ചു. മോഷണത്തിനു ശേഷം ബാങ്കിൽ പലയിടങ്ങളിലും അവർ മുളകുപൊടി വിതറി. ബാങ്കിന്റെ സ്ട്രോങ് റൂമിലും മാനേജരുടെ റൂമിലുമെല്ലാം മുളകുപൊടി വിതറി. പൊലീസ് നായ മണം പിടിക്കാതിരിക്കാനായിരുന്നു ബാങ്കിൽ മുളകുപൊടി വിതറിയത്.
കവർച്ച നടത്തി സ്വർണവുമായി അവിടെ നിന്ന് മുങ്ങി പ്രതികൾ സ്വന്തം നാട്ടിലെത്തി. തമിഴ്നാട്ടിലെ മധുരെ ജില്ലയിലെ ഉസ്ലം പേട്ടിലാണു പ്രതികൾ സ്വർണം സൂക്ഷിച്ചത്. കേസിൽ അറസ്റ്റിലായ വിജയകുമാറും അജയകുമാറും പരമാനന്ദും മധുരെ സ്വദേശികളാണ്. സ്വർണം ലോക്കറിലാക്കി സമീപത്തെ ഒരു കിണറ്റിൽ താഴ്ത്തി. മോഷണം നടത്തി 2–3 വർഷങ്ങൾക്കു ശേഷം മാത്രമേ അത് അവിടെ നിന്ന് എടുക്കു എന്നവർ ഉറപ്പിച്ചു. അല്ലെങ്കിൽ തങ്ങളുടെ മേൽ പൊലീസിന്റെ നോട്ടമെത്തുമെന്ന് അവർക്കറിയാമായിരുന്നു. 17.7 കിലോ മോഷ്ടിച്ചെങ്കിലും 15 കിലോ സ്വർണമാണ് അവർ കിണറ്റിൽ താഴ്ത്തിയത്. ബാക്കി സ്വർണം അവർ പണയം വെക്കുകയും മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ കൃത്യതയാർന്ന പൊലീസ് അന്വേഷണമാണ് അവരെ കുടുക്കിയത്.