
‘എളുപ്പമാകില്ല, പക്ഷേ അന്തിമഫലം ചരിത്രപരമായിരിക്കും’; പകരച്ചുങ്കത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ട്രംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കു മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് പൗരൻമാർക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വരാനിരിക്കുന്ന ദിവസങ്ങൾ എളുപ്പമാകില്ലെന്നാണു ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പകരച്ചുങ്കത്തിന് മറുപടിയായി യുഎസിനെതിരെ പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
‘‘ഇതൊരു സാമ്പത്തിക വിപ്ലവമാണ്, നമ്മൾ വിജയിക്കും. കാത്തിരിക്കൂ, ഇത് എളുപ്പമാകില്ല, പക്ഷേ അന്തിമഫലം ചരിത്രപരമായിരിക്കും’’ – ട്രംപ് കുറിച്ചു. പകരച്ചുങ്കം പ്രഖ്യാപനം മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യുഎസ് ഇറക്കുമതികളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 9 മുതലാണ് പുതിയതായി പ്രഖ്യാപിച്ച തീരുവകൾ നിലവിൽ വരുക. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ 34 ശതമാനം തീരുവയ്ക്ക് പകരമായി ചൈനയും ഏപ്രിൽ 10 മുതൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) യുഎസിനെതിരെ കേസ് കൊടുക്കുമെന്നാണു ചൈനയുടെ പ്രതികരണം.
അതേസമയം ചൈനയെയും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് വിമർശിച്ചു. ‘‘ചൈനയ്ക്ക് യുഎസ് നേരിടുന്നതിനേക്കാൾ വലിയ ആഘാതമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ചൈനയടക്കം പല രാജ്യങ്ങളും മോശമായ രീതിയിലാണ് ഇതുവരെ യുഎസിനോട് പെരുമാറിയത്.’’ അതിനിടെ യുഎസിൽ ഓഹരിവിപണികൾ തകർച്ച നേരിടുകയാണ്. താരിഫുകൾ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പണപ്പെരുപ്പം വർധിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ നീക്കങ്ങൾ രാജ്യാന്തര തലത്തിൽ വ്യാപാര യുദ്ധങ്ങൾക്ക് തുടക്കമിടുമെന്നും ഇത് ലോകവ്യാപകമായി സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെന്നുമാണു വിലയിരുത്തൽ.