
കഴുത്തിൽ ബെൽറ്റിട്ട് നാലുകാലിൽ യുവാവ്; ശിക്ഷ അല്ലെന്ന് ഇരയായ യുവാവ്, പീഡനം തന്നെയെന്ന് മുൻ ജീവനക്കാരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജീവനക്കാരെ നായകൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങളോട് നടുക്കത്തോടെയാണ് ഓരോരുത്തരും പ്രതികരിച്ചത്. ഉടൻ തന്നെ വിഷയത്തിൽ തൊഴിൽ മന്ത്രി എറണാകുളം ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി. യുവജന സംഘടനകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പെരുമ്പാവൂരിലെ കമ്പനിയിൽ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത് എന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ലേബർ ഓഫീസർ വ്യക്തമാക്കി. എന്നാൽ ഈ ദൃശ്യങ്ങൾ തൊഴിലുമായോ ടാർഗറ്റ് നേടിയെടുക്കാത്തതുമായോ ബന്ധപ്പെട്ടുള്ളതല്ല എന്ന് കാണിച്ച് ദൃശ്യങ്ങളിലുള്ള ഒരു യുവാവും രംഗത്തെത്തി. നാടകീയ സംഭവങ്ങളാണ് ഇന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വിഷയത്തിൽ നടന്നത്.
വാർത്തകൾ പുറത്തുവന്ന് വൈകാതെ കൊച്ചി നോർത്ത് ജനതാ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. സ്ഥാപന ഉടമയുടെ വീട് താഴത്തെ നിലയിലും മുകളിലെ രണ്ടു നിലകളിൽ ഡയറക്ട് മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ഓഫീസുകളുമാണ്. അകത്തേക്ക് പ്രതിഷേധവുമായി ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ രണ്ടു നിലകളും അടപ്പിച്ച് വാതിൽക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീടിന്റെ താഴെ അണ്ടർഗ്രൗണ്ടിലാണ് കമ്പനിയുടെ ഏജന്റുമാർ യോഗം ചേരുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ഏജന്റുമാരും കമ്പനി ഉടമയുമായുള്ള മീറ്റിങ്ങുകൾ നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ മാധ്യമങ്ങളും സ്ഥലത്തെത്തിയതോടെ ഏജന്റുമാർ അവരുടെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾക്ക് ശമ്പളം ലഭിക്കുന്നുവെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.
ഇതിനിടെ സ്ഥലത്തെത്തിയ പാലാരിവട്ടം പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തി. തങ്ങൾക്ക് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും ഇവരുടെ ഉത്പനങ്ങൾ എടുത്തു വിൽക്കുന്ന കമ്പനിയിലാണ് ഇത് സംഭവിച്ചതെന്ന് ഉടമ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പെരുമ്പാവൂരിലെ കെൽട്രോ എന്ന സ്ഥാപനമാണ് ഇതെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്ഥാപനത്തെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്ഥലത്ത് പൊലീസ് സുരക്ഷയൊരുക്കി. വൈകാതെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയും സ്ഥാപനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. വൈകിട്ടോടെ സിഐടിയുവും പ്രതിഷേധവുമായി എത്തി. പൊലീസ് വീടിന്റെ ഗേറ്റുകൾ അടച്ച് കാവൽ തീർത്തു.
ഇതിനിടെയാണ്, പെരുമ്പാവൂരിലെ മാറമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന കെൽട്രോ ഗ്രൂപ്പിന്റെ ജനറൽ മാനേജർ പീഡന പരാതിയിൽ രണ്ടര മാസം മുൻപ് അറസ്റ്റിലായിരുന്നു എന്ന വിവരം പൊലീസ് വ്യക്തമാക്കുന്നത്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി നൽകിയ പരാതിയിലാണ് വയനാട് സ്വദേശിയായ ഇയാൾ അറസ്റ്റിലാകുന്നതും പിന്നീട് ജാമ്യത്തിലിറങ്ങുന്നതും. ഈ കമ്പനി അന്നു മുതൽ അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. ഇയാൾ പുതികാവിൽ പുതിയ കമ്പനി തുറന്നു എന്നും റിപ്പോർട്ടുകളുണ്ട്. പീഡനവും തൊഴിൽ ചൂഷണവും നേരിട്ടതായി കാണിച്ച് മുൻ ജീവനക്കാരിലൊരാൾ ഇതിനിടെ രംഗത്തെത്തുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിരുന്നു എന്ന് പെരുമ്പാവൂർ പൊലീസും വ്യക്തമാക്കി.
ഇതിനിടെ, നാടകീയമായ മറ്റൊരു സംഭവം കൂടി അരങ്ങേറി. പെരുമ്പാവൂരിലെത്തിയ ലേബർ ഓഫീസറും പൊലീസും ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളിലൊരാളെ കണ്ടെത്തി വിവരം തേടി. തൊഴിൽ പീഡനമല്ല നടന്നത് എന്നും സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ട ഒരു മുൻ മാനേജർ ചിത്രീകരിച്ച വിഡിയോ ആണ് പുറത്തു വന്നതെന്നുമാണ് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. ലഹരി ഉപയോഗിച്ചിരുന്ന ഇയാൾ അത്തരത്തിൽ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് ഇതെന്നാണ് ഇപ്പോഴും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെ വാക്കുകൾ.
ക്രൂരമായ രീതിയിൽ ജീവനക്കാരോട് പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തു വരികയും പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തതിന് മണിക്കൂറുകൾക്കുള്ളിൽ ഇതിനെതിരായ മറ്റൊരു വാദവും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ തൊഴിൽ പീഡനം അടക്കം ചൂണ്ടിക്കാട്ടി രംഗത്തു വന്ന മുന് ജീവനക്കാർ പറയുന്നത് വിഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ സത്യമാണെന്നും ടാർഗറ്റ് നേടിയെടുക്കാത്തവരെ ഇത്തരത്തിലാണ് കൈകാര്യം ചെയ്തിരുന്നത് എന്നുമാണ്. തൊഴിൽ വകുപ്പിന്റെയും പൊലീസിന്റെയും കൂടുതൽ അന്വേഷണങ്ങളിൽ നിന്ന് മാത്രമേ ഇതു സംബന്ധിച്ച വാസ്തവം പുറത്തു വരൂ.