
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ സിബിഐ തുടങ്ങി. ദില്ലിയിൽ നിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ സിബിഐ സംഘം കേരളത്തിൽ എത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമെന്നാണ് വിവരം.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു.
കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാൽ, അതിന്റെ ബാക്കിയുള്ള കാര്യങ്ങൾ കൂടി സർക്കാരിന്റെ മേൽനോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.
കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തിൽ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാൽ കേസ് കൈമാറുന്നതിൽ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.
Last Updated Apr 5, 2024, 9:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]