ഇറാനെതിരായ തുടര്‍ച്ചയായ രണ്ട് ആക്രമണങ്ങളുടെ സൂത്രധാരന്‍. ഹിസ്ബുല്ലയും ഹമാസും അടക്കമുള്ള സായുധസംഘങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ച സൈന്യാധിപന്.
ആരാണ് ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍? ഇറാനില്‍ ഇസ്രായേല്‍ ആക്രമണമാരംഭിച്ച ഫെബ്രുവരി 28 ശനിയാഴ്ചയ്ക്ക് തലേന്ന് ഇസ്രായേല്‍ സൈനിക മേധാവിയായ ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ഉച്ചഭക്ഷണത്തിന് തന്റെ അമ്മയുടെ വീട്ടിലായിരുന്നു. ഭക്ഷണത്തിനായി ഇരുന്നപ്പോള്‍, അടുത്തതായി സംഭവിക്കാന്‍ പോകുന്ന യുദ്ധത്തെക്കുറിച്ച് ആ മേശയ്ക്ക് ചുറ്റുമുള്ള മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല.
ഭക്ഷണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷം തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാര്‍ വീടിനു മുന്നില്‍ വന്നുനിന്നു. അതില്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നു.
അവര്‍ ജനറലിനെ കാറില്‍ കയറ്റി തെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് ജനറല്‍ ഇയാല്‍ സമീര്‍ സുപ്രധാനമായ ആ ഉത്തരവ് നല്‍കിയത്-ഇറാന് ആക്രമണം!
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയെ വധിക്കുന്നതിനുള്ള ഉത്തരവും അന്നേരത്താണ് ജനറല്‍ നല്‍കിയതെന്ന് പേരു വെളിപ്പെടുത്താത്ത ഇസ്രായേല്‍ ഉന്നതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്ലാന്‍ നടപ്പിലാക്കാന്‍ അനുമതി നല്കുന്നു,’ അന്ന് ജനറല്‍ സമീര്‍ പറഞ്ഞു.
‘ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തുക, നിങ്ങള്‍ ചരിത്രം സൃഷ്ടിക്കാന്‍ പോവുകയാണ്’ ഇസ്രായേലിന്റെ സൈനിക നീക്കങ്ങളുടെ കുന്തമുനയാണ് 60 -കാരനായ ഇയാല്‍ സമീര്‍. മയമില്ലാത്ത കാര്‍ക്കശ്യം.
തന്ത്രശാലി. രഹസ്യനീക്കങ്ങളുടെ സ്വന്തക്കാരന്.
കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടു പോലും എതിരഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയും.
ഇസ്രായേലിനു വേണ്ടി ഏതറ്റം വരെ പോവാന്‍ മടിക്കാത്ത ആള്. സ്വന്തം സൈന്യത്തെയും താനാഗ്രഹിക്കുന്ന വഴിക്ക് മാറ്റണമെന്ന അഭിപ്രായക്കാരന്‍.
ഗാസയില്‍ നടത്തിയ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെ പോലും തന്ത്രപരമായി ന്യായീകരിക്കുന്ന ആള്. ഗാസയില്‍ ക്രൂരമായ അധിനിവേശം നടത്തുന്നുവെന്ന് ലോകം ഒന്നിച്ച് എതിര്‍ക്കുമ്പോഴും, മറ്റ് വഴികളിലൂടെ ആ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തന്ത്രശാലി.
യുദ്ധഭൂമിയിലും സംഘര്‍ഷമേഖലകളിലും ഏറെക്കാലം പ്രവര്‍ത്തിച്ച പരിചയസമ്പത്ത്. പ്രതിരോധ മേഖലകളിലെ അക്കാദമിക് വിഷയങ്ങളിലും തല്പ്പരന്.
ഹമാസ് ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തിനു പിന്നാലെ സൈന്യത്തിന്റെ തലപ്പെത്തത്തിയ ഇയാല്‍ സമീര്‍ ഇറാനിലും ലെബനോനിലും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഇപ്പോള്‍. ഇറാന് യുദ്ധത്തിന്റെ മുന്നോടിയായി അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയ്യാറാക്കുകയും ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും അറബ് സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തുകയും വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തത് ജനറല്‍ ഇയാല്‍ ആയിരുന്നു.
ഇറാനില്‍ നിന്നും ലെബനന്, ഗാസ, യമന്‍ എന്നിവിടങ്ങളിലെ ഇറാന് അനുകൂല സായുധ സംഘങ്ങളില്‍ നിന്നുമുള്ള ഭീഷണികളെക്കുറിച്ചും, അത് തടയാന്‍ ഇസ്രായേല്‍, അമേരിക്ക, അറബ് ലോകം എന്നിവ എങ്ങനെ ഒന്നിച്ച് പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചും നിരന്തരം പറയുന്ന ഒരാളാണ് ജനറല്‍ ഇയാല്‍ എന്ന് മുന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ‘അദ്ദേഹം ഇറാനെ പാമ്പിന്റെ തലയായിട്ടാണ് കണക്കാക്കുന്നത്, ഇറാന്റെ അടിത്തറ ഇളക്കിയാല്‍, ഇസ്രായേലിനെ വളഞ്ഞ ഇറാന്റെ എല്ലാ നിഴല്സേനകളുടെ അടിത്തറ താനേ തകരും’ എന്നതാണ് ജനറലിന്റെ പ്രധാന അഭിപ്രായം.
‘ജനറല്‍ ഇയാലിന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിക്കുകയും ഇസ്രായേല്‍ സൈന്യത്തെക്കുറിച്ച് പുസ്തകമെഴുതുകയും ചെയ്ത ബ്രിഗേഡിയര്‍ ജനറല്‍ ഗൈ ഹാസുത്ത് പറയുന്നു. ഇസ്രായേലിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഐലാറ്റില്‍ (Eilat) നഗരത്തിലാണ് ജനറല്‍ ഇയാലിന്റെ ജനനം.
ഗാസ മുനമ്പിലെ ഓപ്പറേഷന് കമാന്‍ഡര്‍ ഉള്‍പ്പെടെ സൈന്യത്തിലെ വിവിധ മുതിര്‍ന്ന പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടാങ്ക് ഡിവിഷന്റെ കമാന്‍ഡറായിരുന്നു ഏറെക്കാലം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹം ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റത്. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേലിന് നേരെ നടന്ന ആക്രമണം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ പരാജയങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്.
അതിനുശേഷം, സൈന്യത്തിലുള്ള ജനവിശ്വാസം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജനറല്‍ ഇയാലിനെ മേധാവിയാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു. ഗാസയില്‍ ജനറല്‍ ഇയാലിന്റെ മുന്‍കൈയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഗാസയിലെ മനുഷ്യരെ കൊന്നൊടുക്കിയ സൈനിക നടപടികളുടെ സൂത്രധാരനായാണ് ജനറല്‍ ഇയാലിനെ കണക്കാക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിടാത്ത ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലോകമാകെ പ്രതിഷേധങ്ങള്‍ കത്തിപ്പടര്‍ന്നിരുന്നു. ഇസ്രായേലിന്റെ ബോംബാക്രമണങ്ങള്‍ പതിനായിരക്കണക്കിന് ഫലസ്തീനികളുടെ കൂട്ടക്കുരുതിക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കുമാണ് കാരണമായത്. തങ്ങള്‍ സിവിലിയന്മാരെ മനഃപൂര്‍വം ലക്ഷ്യം വയ്ക്കുകയല്ലെന്നും ഹമാസ് അവരുടെ പോരാളികളെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നുമാണ് അന്ന് ഇതിനെ ന്യായീകരിക്കാന്‍ ജനറല്‍ ഇയാല്‍ പറഞ്ഞത്.
വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിക്ക് വേണ്ടി തയ്യാറാക്കിയ 77 പേജുള്ള പ്രബന്ധത്തില്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെതിരെ കേന്ദ്രീകൃതമായ സൈനിക നീക്കം നടത്തണമെന്നും ഇറാനെതിരെ മേഖലയിലെ രാജ്യങ്ങളുടെ ഒരു പ്രതിരോധ സഖ്യം രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘പങ്കാളികളുമായി ചേര്‍ന്ന് തന്ത്രപരമായി പ്രവര്‍ത്തിക്കുക, അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുക.
ഇറാനിലും അവരുടെ നിഴല്രൂപങ്ങള്ക്കിടയിലും വിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാന്‍ അത് പ്രധാനമാണ്,’-പ്രബന്ധത്തില്‍ അദ്ദേഹം എഴുതി. ഇപ്പോഴത്തെ യുദ്ധത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍, ജനറല്‍ ഇയാല്‍ സമീര്‍ യു.എസ്.
സൈന്യത്തിലെ ഉന്നത നേതൃത്വവുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ജനുവരിയില്‍ അദ്ദേഹം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ഡാന്‍ കെയ്നുമായി കൂടിക്കാഴ്ച നടത്തി.
മിഡില്‍ ഈസ്റ്റിന്റെ ചുമതലയുള്ള യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി അദ്ദേഹം നിരന്തരം രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധപദ്ധതികളും ചര്‍ച്ച ചെയ്തു.
ഒട്ടും മയമില്ലാത്ത, കര്‍ക്കശക്കാരനായ ആളായാണ് ജനറല്‍ ഇയാല്‍ അറിയപ്പെടുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന സ്വഭാവക്കാരനാണ്.
കാര്യങ്ങള്‍ ഒളിച്ചുവെക്കാതെ നേരിട്ട് പറയുന്ന വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നതെന്ന് 2020-കളില്‍ വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ സമീറിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന റോബര്‍ട്ട് സാറ്റ്ലോഫ് പറയുന്നു. രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിലും ജനറലിന്റെ ഈ തുറന്നുപറച്ചില്‍ പ്രകടമാണ്.
സൈനിക മേധാവി ആകുന്നതിനു മുമ്പ് ജനറല്‍ സമീര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇരുവരും ഒരേ നിലപാടാണെങ്കിലും, മുന്‍പ് പല വിഷയങ്ങളിലും അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഹമാസിനെ തുരത്താനെന്ന പേരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഗാസ സിറ്റി ആക്രമിക്കാനുള്ള പദ്ധതി നെതന്യാഹു ആവിഷ്കരിച്ചപ്പോള്‍, ജനറല്‍ സമീര്‍ അതിനെ എതിര്‍ത്തിരുന്നു. ഗാസയിലുള്ള ഇസ്രായേലി ബന്ദികളുടെ സുരക്ഷയെക്കുറിച്ചും തന്റെ സൈനികരുടെ തളര്‍ച്ചയെക്കുറിച്ചും അദ്ദേഹം ആശങ്ക ഉന്നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

