പശ്ചിമേഷ്യയിലെ യുദ്ധത്തിനടിയിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് റേഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നും, നിലവില്‍ ഇന്ത്യയില്‍ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും അത്യാവശ്യ മേഖലകളില്‍ പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ ഗെയില്‍ സുപ്രധാന നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇതിനായി കമ്പനി ‘ഫോഴ്സ് മജ്യൂര്‍’ പ്രഖ്യാപിച്ചേക്കും.
എന്താണ് ഫോഴ്സ് മജ്യൂര്‍? യുദ്ധം പോലെയുള്ള മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പിഴകളില്‍ നിന്നും നിയമനടപടികളില്‍ നിന്നും കമ്പനികള്‍ക്ക് സംരക്ഷണം നല്കുന്ന ഒരു നിയമപരമായ വ്യവസ്ഥയാണിത്. ഇന്ത്യയ്ക്ക് വലിയ തോതില്‍ ഗ്യാസ് നല്കുന്ന രാജ്യമാണ് ഖത്തര്‍.
ഖത്തര്‍ എനര്‍ജി ബുധനാഴ്ച ഈ ‘ഫോഴ്സ് മജ്യൂര്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെയിലും ഇതേ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ആഗോള എല്‍എന്‍ജി വിതരണത്തിന്റെ 20 ശതമാനവും ഖത്തറാണ് കൈകാര്യം ചെയ്യുന്നത്.
പ്രതിദിനം ഇന്ത്യയ്ക്ക് ആവശ്യമുള്ള 195 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ഗ്യാസില്‍ 60 എംഎംഎസ്സിഎംഡി വരുന്നത് ഖത്തറില്‍ നിന്നാണ്. സഹായവുമായി ഓസ്ട്രേലിയയും കാനഡയും ഖത്തറില്‍ നിന്നുള്ള വിതരണത്തില്‍ ആശങ്കയുള്ളതിനാല്‍ ഇന്ത്യ പുതിയ വഴികള്‍ തേടുകയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഗ്യാസ് നല്കാന് ഓസ്ട്രേലിയയും കാനഡയും തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുഎഇയുമായും അമേരിക്കയുമായും ഇന്ത്യ ഇതിനകം പുതിയ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കരുതല്‍ ശേഖരം ഭദ്രം; റഷ്യന്‍ എണ്ണ വരും ലോകത്ത് നിലവില്‍ ക്രൂഡ് ഓയില്‍, എല്‍എന്‍ജി, എല്‍പിജി എന്നിവയ്ക്ക് യാതൊരു ക്ഷാമവുമില്ല. മറ്റ് വിതരണക്കാരുമായി ഇന്ത്യ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
പ്രതിദിനം രണ്ട് തവണയാണ് സര്‍ക്കാര്‍ ഇന്ധന സാഹചര്യം വിലയിരുത്തുന്നത്. കരുതല്‍ ശേഖരം ഉള്‍പ്പെടെ എട്ട് ആഴ്ചത്തേക്ക് (ഏകദേശം 56 ദിവസം) ഉപയോഗിക്കാനുള്ള ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും നിലവില്‍ ഇന്ത്യയുടെ കൈവശമുണ്ട്.
ഇതിനുപുറമെ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇന്‍വെന്ററിയും, 25 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ശേഖരവും രാജ്യത്തുണ്ട്. ഉപയോഗിക്കുന്നതിന് അനുസരിച്ച് ദിവസവും സ്റ്റോക്ക് നിറയ്ക്കുന്നുമുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പ്രഭവകേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ 40 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി മാത്രമേ നടക്കുന്നുള്ളൂ. അതിനാല്‍ അവിടെയുണ്ടാകുന്ന വിതരണ തടസ്സങ്ങള്‍ ഇന്ത്യയെ പൂര്‍ണ്ണമായി ബാധിക്കില്ല.
പഴയ കരാറുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ തുടര്‍ന്നും നടത്തും. ഇന്‍ഷുറന്‍സിനായി അമേരിക്കയുമായി ചര്‍ച്ച ക്രൂഡ് ഓയിലും പാചകവാതകവും മുടങ്ങാതെ വാങ്ങുന്നതിനായി പ്രമുഖ എണ്ണ ഉല്‍പ്പാദകരുമായും വ്യാപാരികളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുമായും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എണ്ണക്കപ്പലുകള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനായി അമേരിക്കയുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

