
മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുംബൈയിലെ ലാസ്യ സലൂണിലെത്തിയതെന്ന് ഉടമ ലൂസി പ്രിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ഇവർക്ക് മലയാളം മാത്രമാണ് അറിയുമായിരുന്നത്. ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് മലയാളം അറിയുന്ന തന്റെ അസിസ്റ്റന്റിന്റെ വിട്ടതെന്നും ലൂസി പറഞ്ഞു.
മുടി സ്ട്രൈറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് ഇരുവരും പറഞ്ഞത്. നീളമുള്ള മുടി മുറിച്ച് അതിനുള്ള ട്രീറ്റ്മെന്റ് ചെയ്തു. കൂടെ ആരും ഉണ്ടായിരുന്നില്ല. പേരും കോൺടാക്ട് നമ്പറും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേര് മാത്രം നൽകി. ട്രീറ്റ്മെന്റ് നടക്കുമ്പോൾ ആരുടെയെങ്കിലും ഫോൺ തരാമോ എന്ന് ചോദിച്ചു. ഒരു ഫോൺ കൊടുക്കുകയും ചെയ്തു. പിന്നീട് ഒരു യുവാവ് വിളിച്ച് ഇതിലേക്ക് മിസ്ഡ് കോൾ ചെയ്തിരുന്നോ എന്ന് അന്വേഷിച്ചു. അപ്പോൾ താൻ ഫോണുമായി പുറത്തായിരുന്നു. തിരിച്ചെത്തിയ ശേഷം കൊടുക്കാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഇയാൾ വീണ്ടും വിളിച്ചു. അപ്പോൾ സലൂണിലേക്ക് വിളിച്ച് ആരുടെയെങ്കിലും ഫോൺ കൊടുക്കാൻ താൻ പറഞ്ഞു. പിന്നീട് അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ല.
പിന്നീട് തങ്ങൾക്ക് മടങ്ങാനുള്ള സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ട്രീറ്റ്മെന്റ് ഇടയ്ക്ക് നിർത്താൻ പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്ന് ജീവനക്കാർ പറഞ്ഞു. ഇതിനിടെ സുഹൃത്ത് വീണ്ടും വിളിച്ചു. താൻ അവിടേക്ക് വരുമെന്ന് പറഞ്ഞു. ഇക്കാര്യം കുട്ടികളോടും പറഞ്ഞു. കുട്ടികൾ സലൂണിൽ ഉണ്ടെന്നാണ് വിചാരിച്ചത്. പിന്നീട് പൊലീസ് തന്നെ വിളിച്ചു. അപ്പോഴും കുട്ടികൾ അവിടെ ഉണ്ടെന്നാണ് പറഞ്ഞത്. സ്റ്റാഫിനോട് ചോദിച്ചപ്പോൾ അവർ പോയെന്ന് പറഞ്ഞുവെന്നും ലൂസി പ്രിൻസ് പറഞ്ഞു.
ഇരുവരും സലൂണിൽ പണം നേരിട്ട് നൽകുകയായിരുന്നു. ഇവരുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ട് പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റ് ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്ന് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോൾ പരുങ്ങലിലായി. അപ്പോൾ ചെറിയ സംശയം തോന്നുകയും ചെയ്തു. ആരാണ് ഇവരെ കൊണ്ടുപോകാൻ വരുന്നതെന്ന് അറിയാൻ ശ്രമിച്ചെങ്കിലും അയാൾ വന്നിരുന്നില്ലെന്നും ലൂസി പ്രിൻസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]