
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ അനധികൃതമായി സ്ഥാപിച്ച കട പോലിസ് പൊളിച്ചുനീക്കി. താത്കാലികമായി നിർമ്മിച്ച കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിൻ്റെ പ്രവർത്തനം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ ഈ കടയുടെ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ച കട പൊളിച്ചു നീക്കിയത്. ചായയും ചെറു കടികളും വില്പന നടത്തിയിരുന്ന കട സജീർ എന്ന വ്യക്തിയുടേതാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നാണ് പരാതി. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് പരാതി നൽകിയത്. തുടർന്ന് ജില്ലാ ടൂറിസം ഡിപ്പാർട്മെന്റ് നോട്ടീസ് നൽകിയിട്ടും കടയുടെ പ്രവർത്തനം തുടർന്നു.
ഇതിനിടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ പരിശോധയനിൽ കഞ്ചാവുപൊതികളുമായി രണ്ടു യുവാക്കളെ കടയുടെ പരിസരത്തു നിന്ന് പിടികൂടുകയും ചെയ്തു. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ കൈമാറ്റം നടത്തുന്നു എന്നാണ് കണ്ടെത്തൽ. ഇതോടെയാണ് പോലിസ് മുൻകയ്യെടുത്ത് കട പൊളിച്ചു നീക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]