
ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കം വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും മാറിയതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി ദമ്പതികൾ. ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെന്ററിലാണ് പരാതിയുമായി ദമ്പതികൾ എത്തിയത്. ഭർത്താവ് വാങ്ങി നൽകിയ 30 രൂപയുടെ ലിപ്സ്റ്റിക് വിലകൂടിയതാണന്ന് ആരോപിച്ച് ഭാര്യ ഭർത്താവുമായി കലഹിക്കുകയും ഒടുവിൽ വീടുവിട്ട് ഇറങ്ങുകയുമായിരുന്നു.
ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെൻ്ററിലെ കൗൺസിലർ സതീഷ് ഖിർവാർ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂർവ വിവാഹമോചന പരാതിയുടെ വിവരങ്ങൾ പുറത്തു വിട്ടത്. പരാതിക്കാരിയായ യുവതി എത്മാദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളയാളാണ്. ഭർത്താവാകട്ടെ മഥുര സ്വദേശിയും. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. തനിക്കൊരു ലിപ്സ്റ്റിക്ക് വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുടെ ആവശ്യപ്രകാരം ഭർത്താവ് അവർക്കായി ഒരു ലിപ്സ്റ്റിക്ക് വാങ്ങുന്നു.
ലിപ്സ്റ്റിക്കുമായെത്തിയ ഭർത്താവിനോട് ഭാര്യ അതിന്റെ വില ചോദിക്കുന്നു. 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണതെന്ന് അറിഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നുവെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങി എന്നുമായി ഭാര്യ. 30 രൂപയിൽ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭർത്താവും മറുപടി നൽകി. എന്നാൽ, ഇത്തരത്തിൽ പണം ചെലവാക്കിയാൽ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി.
വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗൺസിലിംഗിനാണ് ഇരുവരും സതീഷ് ഖിർവാറിന്റെ കൗൺസിലിംഗ് സെൻ്ററിൽ എത്തിയത്. ഇരുഭാഗങ്ങളും കേട്ട അദ്ദേഹം അവരെ അനുനയിപ്പിച്ചു. ഭാര്യയുടെ ആശങ്കകൾ ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കി. ഭർത്താവിന്റെ ഭാഗം ഭാര്യയേയും ബോധ്യപ്പെടുത്തി. ഒടുവിൽ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക്ക് വാങ്ങി നൽകാമെന്ന് ഭർത്താവ് സമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നാണ് സതീഷ് ഖിർവാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 6, 2024, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]