
റിയാദ്- സൗദി അറേബ്യയില്‍ ഉയര്‍ന്ന ശേഷിയുള്ള ക്ലൗഡ് മേഖല സൃഷ്ടിക്കാന്‍ ആമസോണ്‍ കമ്പനി 5.3 ബില്യന്‍ ഡോളര്‍ മുടക്കുമെന്ന് കമ്പനി അറിയിച്ചു. റിയാദില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദര്‍ശനമായ ലീപ് 2024 ിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. രാവിലെ 10.30 മുതല്‍ ഏഴു മണി വരെയാണ് പ്രവേശനം. ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ സര്‍വീസ് നൗ കമ്പനി 500 മില്യന്‍ ഡോളര്‍, പ്രൊഗ്രാം ഡവലപ്മെന്റിന് ഐബിഎം 250 മില്യന്‍ ഡോളര്‍ നിക്ഷേപിക്കാനും ധാരണയായി.
ഐബിഎം ചെയര്മാന് അരവിന്ദ് കൃഷ്ണ, എച്ച് പി് സിഇഒ അന്റോണിയോ നേരി, സൂം സിഇഒ എറിക് യുവാന്‍, മുന്‍ സ്റ്റാന്‍ഫോര്‍ഡ് എഐ ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്സ് ആന്‍ഡ് കള്‍ച്ചര്‍ അഡൈ്വസര്‍ എലിസബത്ത് ആഡംസ്, നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക്, എറിക്സണ് പ്രസിഡന്റും സിഇഒയും പ്രസിഡന്റുമായ ബോര്‍ഗി എക്ഹോം തുടങ്ങിയവര്‍ ഇതോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളില്‍ സംബന്ധിക്കുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തുടക്കവും വികസനവുമാണ് ഇന്നലെ ചര്‍ച്ച ചെയ്തത്. ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളും സ്വാധീനവും നാളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പങ്ക്, വ്യാഴാഴ്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി എന്നിവ ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസ സാങ്കേതിക വിദ്യ, ചില്ലറ വ്യാപാര സാങ്കേതിക വിദ്യ, സാമ്പത്തിക സാങ്കേതിക വിദ്യ, ആരോഗ്യ സാങ്കേതികവിദ്യ, നാലാം വ്യാവസായിക വിപ്ലവം, ഭാവിയുടെ ഊര്‍ജം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയുടെ നിരവധി തിയേറ്ററുകള്‍ക്ക് പുറമെ നിക്ഷേപക പ്ലാറ്റ്ഫോമും കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുഗ്ള്‍, മൈക്രോസോഫ്റ്റ്, ഒറാകിള്‍, ഡെല്‍, അവായ, എസ്എപി, സര്‍വീസ് നൗ, ആമസോണ്‍, ഐബിഎം, ആലിബാബ, ഹുവാവി അടക്കം സാങ്കേതിക മേഖലയിലുള്ള 1800 കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.
സ്റ്റാര്‍ട്ടപ്പുകാര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക വ്യവസായത്തിന്റെും സംരംഭകത്വത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനും പ്രദര്‍ശനം ലക്ഷ്യമിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിരത, ഗെയിംസ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് മേളയിലുള്ളത്. സൗദി ഫെഡറേഷന് ഫോര്‍ സൈബര്‍ സെക്യൂരിറ്റി, തഹാലുഫ് കമ്പനി എന്നിവയുടെ സഹകരണത്തോടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
