
.news-body p a {width: auto;float: none;}
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38. 4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ അക്സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 96 പന്തുകളില്‍ നിന്ന് 87 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ടോപ് സ്കോറര്‍. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).
സ്കോര്‍: ഇംഗ്ലണ്ട് 248-10 (47.4) | ഇന്ത്യ 251-6 (38.4)
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ടമായി. ടീം സ്കോര്‍ 19ല്‍ എത്തിയപ്പോള്‍ യശ്വസി ജയ്സ്വാള്‍ 15(22) ആണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 2(7)യും മടങ്ങി. 19ന് രണ്ട് എന്ന നിലയില്‍ ഇന്ത്യ അപകടം മണത്തെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ 59(36) ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 97 റണ്‍സാണ് പിറന്നത്. ജേക്കബ് ബേഥലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അയ്യര്‍ പുറത്തായത്. ഒമ്പത് ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
അഞ്ചാമനായി ക്രീസിലെത്തിയ അക്സര്‍ പട്ടേല്‍ 52(47) ഗില്ലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ബാറ്റിംഗില്‍ ലഭിച്ച സ്ഥാനക്കയറ്റം അക്സര്‍ പട്ടേല്‍ കൃത്യമായി ഉപയോഗിച്ചുവെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്കുന്ന ഘടകമാണ്. മദ്ധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ ബാറ്ററുടെ സാന്നിദ്ധ്യം ഗുണകരമാണ്. നാലാമനായി താരം പുറത്താകുമ്പോള്‍ ഇന്ത്യ ജയമുറപ്പിച്ചിരുന്നു. ആറാമനായി എത്തിയ കെ.എല്‍ രാഹുല്‍ എട്ട് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം നേടി ആദില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ , രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സ് 47.4 ഓവറില്‍ വെറും 248 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 43(26), ബെന്‍ ഡക്കറ്റ് 32(29) എന്നിവര്‍ 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിന് ശേഷമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തകര്‍ന്നത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ലര് 52(67), ജേക്കബ് ബേഥല്‍ 51(64) എന്നിവരുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ജോ റൂട്ട് 19(31), ഹാരി ബ്രൂക് 0(3) ലിയാം ലിവിംഗ്സ്റ്റണ് 5(10) എന്നിവര്‍ നിരാശപ്പെടുത്തി. ബ്രൈഡന്‍ കാഴ്സ് 10(18), ആദില്‍ റഷീദ് 8(16), ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ 21*(18), സാഖിബ് മഹ്മൂദ് 2(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്കോറുകള്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും അരങ്ങേറ്റ മത്സരം കളിക്കുന്ന ഹര്‍ഷിത് റാണയുമാണ് ഇംഗ്ലണ്ടിനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചത്. മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.