കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ച് സി.ബി.ഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഭാര്യ മഞ്ജുഷ. ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സമ്മതമാണെന്നാണ് അറിയിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ആവശ്യത്തെ സർക്കാരും എതിർത്തില്ല. തുടർന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റി.
സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സിംഗിൾബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പൊലീസ് പ്രത്യേക അന്വേഷണസംഘം നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. അതിനാൽ സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരിയുടെ വാദം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും ഹർജിക്കാരിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.
എന്നാൽ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചയുള്ളതായി ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർക്കാരിനായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ എതിർത്തില്ല. തുടർന്നാണ് അപ്പീൽ വിധിപറയാൻ മാറ്റിയത്.