![](https://newskerala.net/wp-content/uploads/2025/02/rush-4-30pm-delhi-120723_1200x630xt-1024x538.jpg)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. 2025- 2026 സംസ്ഥാന ബജറ്റിനെ കേരളക്കര പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ പാലക്കാട് ഐഐടിയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കും എന്ന ഒറ്റ വാചകത്തിൽ കേരളത്തെ കേന്ദ്രം ഒതുക്കുകയും ചെയ്തു.
വയനാട്ടിലെ ചൂരൽമല- മുണ്ടക്കൈ ദുരന്തം കഴിഞ്ഞ വർഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, ഒരുപാട് ആരോപണങ്ങൾക്കിടയിലും ഇപ്പോഴും ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുവൈറ്റിൽ മലയാളികൾ താമസിച്ച കെട്ടിടത്തിന് തീ പിടിച്ച് മരിച്ച മലയാളികൾക്ക് സഹായമുൾപ്പെടെ കേരളം നൽകി. കഴിഞ്ഞ ബജറ്റിൽപ്പറഞ്ഞ വിഴിഞ്ഞം–കൊല്ലം–പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാമുനമ്പ് പദ്ധതിക്ക് അംഗീകാരമായി. 1000 കോടി രൂപയുടെ തദ്ദേശ റോഡ്’ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടു. വർക്ക് നിയർ ഹോം പദ്ധതിക്ക് തുടക്കമിട്ടു. റബർ താങ്ങുവില 180 രൂപയാക്കി ഉയർത്തി. കേര (KERA) പദ്ധതി ആരംഭിച്ചു തുടങ്ങിയവ കേരളക്കര ഏറ്റെടുത്ത പദ്ധതികളാണ്.
അതേ സമയം, കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങളായിരിക്കും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായത് കൊണ്ട് തന്നെ ജനകീയ പ്രഖ്യാപനങ്ങളും പ്രതീക്ഷകളുടെ ലിസ്റ്റിലുണ്ട്. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുടെകുമെന്നുമുള്ള സൂചന ധനമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു. മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. കിഫ്ബി റോഡിൽ ടോൾ പിരിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനം വലിയ രീതിയിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് ബജറ്റവതരണവും വരുന്നത്.
കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയേക്കാൾ മോശമാണ് നിലവിലുള്ളതെന്ന് സർക്കാർ തന്നെ തുറന്നു സമ്മതിച്ച കാര്യമാണ്. സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെന്ഷന് നല്കാന് വേണ്ട ചെലവ് 900 കോടി രൂപയാണെന്നാണ് കണക്ക്. നിലവിൽ ക്ഷേമ പെന്ഷന് മൂന്ന് മാസമായി കുടിശികയാണ്. ഇത് ഉടന്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ക്ഷേമ പെൻഷൻ കുടിശികയിനത്തിൽ നൽകുന്നതിന് മാത്രമായി 2700 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തണം. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് അവസാന സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രിക്ക് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് കുടിശികകൾ തന്നെയാണ്. ക്ഷേമ പെന്ഷന് കുടിശിക മാത്രമല്ല ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക, പെന്ഷന് പരിഷ്കരണ കുടിശിക എന്നിവയെല്ലാം ഇതിൽപ്പെടും.
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റെന്ന് പറഞ്ഞാണ് 2024- 2025 വർഷത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപ, ധനക്കമ്മി 44,529 കോടി രൂപ എന്നും അവതരണത്തിൽ പറഞ്ഞു. നികുതി വരുമാനത്തിൽ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1503 കോടി രൂപയുടെയും വർദ്ധനവാണ് കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയായി ആറ് ഗഡുക്കളാണ് സര്‍ക്കാര്‍ ഇനി നല്‍കാനുള്ളത്. അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചിട്ടില്ല. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷന്റെ പ്രവര്‍ത്തനവും എവിടെയും എത്തിയില്ല. ഈ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ബജറ്റില്‍ പരിഗണിക്കുമോ എന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ആറ് ഗഡുക്കളിലായി 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയായത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ക്ഷാമബത്തയും അതിന്റെ കുടിശികയും നല്‍കാത്തതു വഴി പതിനായിരം കോടി രൂപയുടെ ആനുകുല്യങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ആറ് ഗഡു ഡിആര്‍ ആണ് പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ളത്. പെന്‍ഷന്‍കാര്‍ക്ക് മാത്രം ആകെ 7000 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
ഇത് മാത്രമല്ല ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും കുടിശികയാണ്. ഇത് തീർപ്പാക്കാനും 100 കോടി രൂപ വേണം. സാമൂഹികാരോഗ്യ – ക്ഷേമ പദ്ധതികളുടെ ബജറ്റ് വിഹിതവും നല്‍കിയിട്ടില്ല. ആശ്വാസ കിരണം പദ്ധതിക്ക് മാത്രം 19 മാസത്തെ കുടിശികയുണ്ടെന്നാണ് കണക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം എന്ന് സർക്കാർ തന്നെ ആവർത്തിച്ചു പറയുമ്പോഴും എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി…
സംസ്ഥാന ബജറ്റ് നാളെ; 2024 ലെ പ്രഖ്യാപനങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]