ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. രാധാകൃഷ്ണൻ ഒന്നാംതരം കച്ചവടക്കാരൻ ആണെന്നും, എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലും എ.എൻ രാധാകൃഷ്ണനുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എ.എൻ രാധാകൃഷ്ണനും ആരോപണ വിധേയനാണ്. ഇത് സൂചിപ്പിച്ചുകൊണ്ടാണ് സന്ദീപിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ്-
”ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലും ഉള്ള ഒന്നാന്തരം കച്ചവടക്കാരൻ. ആർഎസ്എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രൻ. സംഘപരിവാറിന്റെ ഫണ്ട് റൈസർ.
സംസ്ഥാനത്തുടനീളം പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് ആയിരം കോടി രൂപയിൽ അധികം തട്ടിയ പ്രതിയുമായി എ എൻ രാധാകൃഷ്ണന്റെ ബന്ധം എന്താണ് ?
എ എൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്കൂട്ടർ 60000 രൂപയ്ക്ക് നൽകാൻ പോകുന്നത് ?
ഈ കടലാസ് സംഘടനയ്ക്ക് ആരാണ് സിഎസ്ആർ ഫണ്ട് കൊടുത്തിട്ടുള്ളത് ? ഇത്തരം ഉടായിപ്പ് പരിപാടിക്ക് ഏത് കമ്പനിയാണ് സിഎസ്ആർ കൊടുക്കാൻ പോകുന്നത് ?
ഏകദേശം 8000 സ്കൂട്ടറുകൾ ഈ രീതിയിൽ നൽകിയെന്നു പറയുന്നു . അങ്ങനെയാണെങ്കിൽ 50 കോടി രൂപയോളം ഈ ഇനത്തിൽ സ്കൂട്ടർ കമ്പനികൾക്ക് കൊടുക്കാൻ എവിടെ നിന്ന് അധിക ഫണ്ട് ലഭിച്ചു ?
തട്ടിപ്പ് കേസിൽ ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ള അനന്തു കൃഷ്ണന് എ എൻ രാധാകൃഷ്ണന്റെ സംഘടന അവാർഡ് നൽകിയിട്ടില്ലേ ?
അനന്തു കൃഷ്ണന്റെ സംഘടനയുടെ അക്കൗണ്ടിലേക്ക് എ എൻ രാധാകൃഷ്ണന്റെ സംഘടന പാവങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കൈമാറിയിട്ടുണ്ടോ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്രമല്ല സംസ്ഥാന കോർ കമ്മിറ്റി അംഗം എന്ന പദവിയിലും ഇരിക്കെ സൈൻ എന്ന പേരിൽ ഒരു സമാന്തര സംഘടന ഉണ്ടാക്കി മണി ചെയിൻ മോഡലിൽ ആളുകളെ ചേർത്ത് സ്കൂട്ടർ കച്ചവടം നടത്താൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഇദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ടോ ?
ബിജെപി പാർട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത് ?
പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സർക്കാരിൻറെ പദ്ധതി എന്ന പേരിലാണ്. മിക്കവാറും എല്ലാ പരിപാടികളിലും എഎൻ രാധാകൃഷ്ണൻ സജീവ സാന്നിധ്യമായിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്.
ആയിരക്കണക്കിന് സ്ത്രീകളുടെ കെട്ടു താലി വരെ പണയം വയ്പ്പിച്ച് പണം തട്ടിയ ആളുകൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം.”
അതേസമയം, പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എ എൻ രാധാകൃഷ്ണൻ രംഗത്തെത്തി. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായത് ജനസേവനത്തിനുവേണ്ടിയാണ്. പദ്ധതിയുടെ പേരിൽ താൻ ഒരു രൂപ പോലെ കൈപ്പറ്റിയിട്ടില്ല. ഞങ്ങളും ഒരു ഇരയാണ്. മൂവാറ്റുപുഴയിൽ അനന്തുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസിൽ ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30നായിരുന്നു പരാതി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നെന്ന് എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചു.