ബംഗളൂരു: ഏഴ് വയസുകാരന്റെ കവിളിലെ ആഴത്തിലുള്ള മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശകൊണ്ട് ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. കർണാടകയിലെ ഹവേരി ജില്ലയിലെ ഹനഗലിലെ ആദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ മാസം 31നാണ് സംഭവമുണ്ടായത്.
കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ഗുരുകിഷൻ എന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിൽ നിന്ന് രക്തം വാർന്നതോടെ കുടുംബം കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. എന്നാൽ, മുറിവ് തുന്നിക്കെട്ടുന്നതിന് പകരം നഴ്സ് ഫെവിക്വിക് പശ ഉപയോഗിച്ച് മുറിവൊട്ടിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ തുന്നലിട്ടാൽ കുട്ടിയുടെ മുഖത്ത് പാടുവീഴുമെന്നും തൊലിപ്പുറത്ത് മാത്രമാണ് ഫെവിക്വിക്ക് പുരട്ടിയതെന്നും നഴ്സ് മറുപടി നൽകി.
കുട്ടിയുടെ നല്ലതിന് വേണ്ടിയാണ് തുന്നലിടാത്തതെന്നും കുടുംബം നിർബന്ധിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമായിരുന്നുവെന്നും നഴ്സ് പറഞ്ഞു. നഴ്സ് മുറിവിൽ ഫെവിക്വിക്ക് പുരട്ടുന്ന വീഡിയോ രക്ഷിതാക്കൾ എടുത്തിരുന്നു. ഈ വീഡിയോ സഹിതം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ സുരക്ഷാ സമിതിക്ക് ഇവർ പരാതി കൈമാറുകയും ചെയ്തു. പരാതി ശ്രദ്ധയിൽപ്പെട്ട ജില്ലാ ഹെൽത്ത് ഓഫീസർ രാജേഷ് സുരഗിഹള്ളി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഗുട്ടാൽ ഹെല്‍ത്ത് സെന്ററിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. പിന്നാലെയായിരുന്നു സസ്പെൻഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ, കഴിഞ്ഞ ദിവസം നഴ്സിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നഴ്സിന്റെ നടപടി കാരണം കുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നഴ്സിനെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കുട്ടിയുടെ നില തൃപ്തികരമാണെന്നും ഫെവിക്വിക്ക് തേച്ച മുറിവില്‍ ഇതുവരെ മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നും പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു.