![](https://newskerala.net/wp-content/uploads/2025/02/gettyimages-2197856874-1-_1200x630xt-1024x538.jpg)
വാഷിംഗ്ടണ്‍: വനിതകളുടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാൻസ്ജെന്‍ഡര്‍ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വനിതകള്‍ക്കായുള്ള കായിക മത്സരങ്ങളില്‍ നിന്ന് പുരുഷൻമാരെ അകറ്റി നിര്‍ത്തുന്നതിനായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞസദസില്‍വെച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പിട്ടത്.
സര്‍ക്കാര്‍ ഫണ്ടിംഗ് ലഭിക്കുന്ന ഹൈ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ജൂനിയര്‍ തലത്തിലുമെല്ലാം വിലക്ക് ബാധകമാണ്. വനിതകള്‍ക്കായുള്ള മത്സരങ്ങളില്‍ ട്രാൻസ്ജെന്‍ഡറുകളെന്ന ആനുകൂല്യത്തില്‍ പുരുഷന്മാര് പങ്കെടുക്കുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് ഉത്തരവില്‍ ഒപ്പുവെച്ചശേഷം ട്രംപ് പറഞ്ഞു. 2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ട്രാൻസ്ജെന്‍ഡറുകളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
സ്ത്രീകളെയും കുട്ടികളെയും ഇടിച്ചു പരിക്കേല്‍പ്പിക്കാനും ചതിക്കാനും ട്രാന്‍സ്ജെന്‍ഡറുകളെന്ന പേരില്‍ മത്സരിക്കുന്ന പുരുഷന്മാരെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ലോസാഞ്ചല്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദേശ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വിസ നിഷേധിക്കുമെന്നും ഇതോടെ വനിതകളുടെ കായികമത്സരങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഉത്തരവിൽ പരാമർശിക്കുന്ന നിർദ്ദേശങ്ങളെല്ലാം പാലിക്കുമെന്നും നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ പറഞ്ഞു. നേരത്തെ അധികാരത്തിലേറിയതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള ഉത്തരവിലും ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]