ദുബായ്: സർക്കാർ ലോഗോകൾ ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം ദിർഹം (1,18,96,960 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ദുബായ്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളും ലോഗോകളും ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. നിയമലംഘനങ്ങൾക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം പുറത്തിറക്കിയത്. ഇതോടെ പരസ്യം ചെയ്യൽ, ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങി വാണിജ്യ ആവശ്യങ്ങൾക്കായി സർക്കാർ ലോഗോകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. ലോഗോയെ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്ത് അതിന്റെ മൂല്യത്തെ ബാധിക്കുന്ന വിധത്തിൽ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. ദുബായ് എമിറേറ്റിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും ധാർമ്മികതയ്ക്കും വിരുദ്ധമായ പരിപാടികളിലും ചിഹ്നം ഉപയോഗിക്കാൻ പാടില്ല.
ദുബായ് എമിറേറ്റ് ലോഗോ പ്രത്യേക അനുമതിയോടെ സ്ഥാപനങ്ങൾ, പരിപാടികൾ, രേഖകൾ, മുദ്രകൾ എന്നിവയിൽ ഉപയോഗിക്കാം. മാത്രമല്ല, ദുബായ് സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സ്ഥലങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, രേഖകൾ, സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ ലോഗോ ഉപയോഗിക്കാം. ആരെങ്കിലും നിയമവിരുദ്ധമായി സർക്കാർ ലോഗോ ദുരുപയോഗം ചെയ്താൽ അത് ഉടൻതന്നെ അധികാരികളെ അറിയിക്കണമെന്നും നിയമത്തിലുണ്ട്. ദുബായിൽ താമസിക്കുന്ന പ്രവാസികളും നിയമലംഘനം നടത്താതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]