![](https://newskerala.net/wp-content/uploads/2025/02/GettyImages-2194132749-1737471382690_1200x630xt-1024x538.jpg)
റിയാദ്: പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.
സ്വതന്ത്ര പലസ്തീൻ എന്നതാണ് സൗദി നേരത്തെ വ്യക്തമാക്കിയിട്ടുള്ള നിലപാടെന്നും പലസ്തീനികളുടെ ഭൂമി കൈയേറാനുള്ള ഇസ്രയേൽ നടപടികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. പലസ്തീനികളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിച്ച് മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. ഇക്കാര്യം മുൻപും ഇപ്പോഴുമുള്ള അമേരിക്കൻ സർക്കാരുകൾക്ക് അറിയാവുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇസ്രയേൽ – ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നാണ് ട്രംപ് പറഞ്ഞത്. ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.
അതേസമയം ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസും രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യു എൻ സെക്രട്ടറി ജനറൽ പറഞ്ഞത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യമെന്നും പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണെന്നും ന്യൂയോർക്കിലെ യു എൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]