ഡെറാഡൂൺ : ദേശീയ ഗെയിംസൽ ഇന്നലെ റോവിംഗിൽ മെഡൽ വാരിക്കൂട്ടി കേരളം. ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം ഇന്നലെ തുഴഞ്ഞെടുത്തത്. വനിതകളുടെ കോസ്ലെസ് ഫോർ ഇനത്തിലാണ് കേരളം സ്വർണം നേടിയത്. 7.33.1 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് റോസ് മരിയ ജോഷി, വർഷ കെ.ബി, അശ്വതി പി.ബി, മീനാക്ഷി വി.എസ് എന്നിവരുൾപ്പെട്ട കേരളാ ടീം പൊന്നണിഞ്ഞത്.
വനിതകളുടെ ഡബിൾ സ്ക്വള്ളിൽ 7.59.8 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗൗരി നന്ദ കെ, സാനിയ ജെ കൃഷ്ണ എന്നിവരുൾപ്പെട്ട ടീം വെള്ളി നേടി. ഹരിയാനയ്ക്കാണ് (7.52.0 സെക്കൻഡ്) സ്വർണം.
വനിതകളുടെ കോസ്ലെസ് പെയർ വിഭാഗത്തിലും കേരളം വെള്ളി നേടി. വിജിന മോൾ ബി. അലീന ആന്റോ എന്നിവരുൾപ്പെട്ട ടീം 8.18.5 സെക്കൻഡിലാണ് വെള്ളിയിലേക്ക് തുഴഞ്ഞെത്തിയത്. മധ്യപ്രദേശിനാണ് സ്വർണം. വനിതാ ക്വാഡ് സ്ക്വൾസ് വിഭാഗത്തിൽ അന്ന ഹെലന്ഡ ജോസഫ്, ഗൗരി നന്ദ കെ, സാനിയ ജെ കൃഷ്ണ, അശ്വനി കുമാരൻ വി.പി എന്നിവരുൾപ്പെട്ട ടീം വെങ്കലം നേടി. വനിതാ വിഭാഗം സ്ക്വൾസ് ഡബിൾസിൽ ലൈറ്റ് വെയ്റ്റ് ഇനത്തിൽ കേരളം നാലാം സ്ഥാനത്തായി.
ബീച്ച് വോളിബോളിൽ കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ പുറത്തായി.
വനിതകളുടെ എലൈറ്റ് കീറിൻ വിഭാഗത്തിൽ കേരളത്തിന്റെ ദിവ്യ ജോയ് നാലാമതായി ഫിനിഷ് ചെയ്തു.
92+ വിഭാഗം ബോക്സിംങിൽ കേരളത്തിന്റെ മുഹ്സിൻ ക്വാർട്ടറിൽ രാജസ്ഥാൻ താരത്തോട് തോറ്റ് പുറത്തായി