
മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ മുഴുവൻ വിലയും തിരിച്ചു നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റിരുന്നു.
കാറിന്റെ എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് യാത്രക്കാർക്ക് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് കാറുടമ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സമർപ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വാഹനത്തിന് നിര്‍മ്മാണ പിഴവുണ്ടായിരുന്നുവെന്ന് കണ്ട് ഉപഭോക്ത്യ കമ്മീഷന് വിധി പുറപ്പെടുവിച്ചത്.
വാഹനത്തിന്റെ വിലയായ 4,35,854 രൂപ തിരിച്ചു നല്‍കുന്നതിനും കോടതി ചെലവായി 20,000 രൂപ നല്‍കുന്നതിനും കമ്മീഷന് ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
Last Updated Feb 6, 2024, 5:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]