
ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 4kWh ബാറ്ററി പാക്കിൽ S1 X ഇലക്ട്രിക് സ്കൂട്ടർ ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്. ഒല S1 X ഇ-സ്കൂട്ടർ ഇപ്പോൾ 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. പുതിയ മോഡലുകൾ ഉൾപ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.
4kWh ബാറ്ററി പായ്ക്ക് ഉള്ള ഒല S1 X ഒറ്റ ചാർജിൽ 190 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്പെക്ക് ജെൻ-2 എസ്1 പ്രോയേക്കാൾ അഞ്ച് കിലോമീറ്റർ കുറവാണ്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല S1 X ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോൾ ഇതിന്റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3kWh ബാറ്ററി പായ്ക്ക് ഉള്ള S1 X-നേക്കാൾ നാല് കിലോഗ്രാം കൂടുതലാണ്. അധിക ചാർജുകളില്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 8 വർഷം/80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് ബാറ്ററി വാറൻറിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റർ വിപുലീകൃത വാറൻറിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.
ഓല തങ്ങളുടെ സർവീസ് സെന്റർ 50 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രിലോടെ രാജ്യത്തുടനീളം 600 സേവന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സർവീസ് സെന്ററുകൾ മാത്രമല്ല, ഓല ഇലക്ട്രിക്ക് തങ്ങളുടെ പബ്ലിക് ചാർജിംഗ് നെറ്റ്വർക്ക് നിലവിലുള്ള 1000 ചാർജറുകളിൽ നിന്ന് 2024 ജൂണോടെ 10,000 ആയി ഉയർത്താനും പദ്ധതിയിടുന്നു.
Last Updated Feb 6, 2024, 4:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]