
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പരാതിയിൽ ശിക്ഷിക്കപ്പെട്ട മുൻ ഐപിഎസ് ഉദ്യോഗസ്ഥന് ആശ്വാസം. 15 ദിവസത്തെ തടവുശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സമ്പത്ത് കുമാറിന്റെ അപ്പീൽ പരിഗണിക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ സമ്പത്ത് കുമാർ നൽകിയ ഹർജിയിൽ ധോണിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ധോണിയുടെ കോടതിയലക്ഷ്യ പരാതിയിൽ 2023 ഡിസംബറിലാണ് സമ്പത്ത് കുമാറിനെ ഹൈക്കോടതി 15 ദിവസത്തെ തടവിന് ശിക്ഷിച്ചത്. സുപ്രീം കോടതിയെ അവഹേളിക്കുന്ന പരാമർശം നടത്തിയതിനാണ് ധോണി ഇയാൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ധോണി നൽകിയ മാനനഷ്ടക്കേസിൽ ഇയാൾ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ കോടതിയെ അധിക്ഷേപിച്ചുവെന്നാണ് പരാതി.
സുപ്രീം കോടതി നിയമവാഴ്ചയിൽ ശ്രദ്ധ വ്യതിചലിക്കുകയും ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റിയുടെ മനസ്സിലാക്കാൻ കഴിയാതെ പോയ ഭാഗം മുദ്രവച്ച കവറിൽ സൂക്ഷിക്കുകയും ചെയ്തെന്നും ഇയാൾ മറുപടിയിൽ വ്യക്തമാക്കി. തുടർന്നാണ് ധോണി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോയത്. ധോണിയുടെ പരാതിയിൽ സമ്പത്ത് കുമാർ കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു.
അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കുന്നതിനായി ശിക്ഷ മുപ്പത് ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. തുടർന്നാണ് സമ്പത്ത് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത വാദം കേൾക്കുന്നത് വരെ ശിക്ഷ സസ്പെൻഡ് ചെയ്തെന്ന് സുപ്രീം കോടതിയും അറിയിച്ചു.
Last Updated Feb 6, 2024, 5:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]